അങ്കാറ/അലെപ്പോ: ഭൂകമ്പം നടന്ന് നാലു ദിവസം കഴിഞ്ഞതോടെ കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് ജീവനോടെ ആരെയെങ്കിലും രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട് രക്ഷാപ്രവർത്തകർ. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെങ്കിലും രക്ഷപ്പെടാനുള്ള സാധ്യത വിരളമാണ്.
ഭൂകമ്പം കടുത്ത നാശം വിതച്ച തുർക്കിയയിലെ കഹ്റമൻമഹാസ്, ഗാസിയാൻടെപ്, വടക്കൻ സിറിയയിൽ വിമതരുടെ നിയന്ത്രണത്തിലുള്ള അലെപ്പോ, ഇദ്രിബ് എന്നിവിടങ്ങളിലെല്ലാം മരണത്തിന്റെ മണമാണ്.
ഇവിടെ തകർന്നുവീണ കെട്ടിടങ്ങളിൽനിന്ന് വ്യാഴാഴ്ചയും നിരവധി മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്ത്യയും അമേരിക്കയും യൂറോപ്പും റഷ്യയും അടക്കം വിവിധ രാജ്യങ്ങളിലെ രക്ഷാപ്രവർത്തകർ തുർക്കിയയിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
അത്യാധുനിക ഉപകരണങ്ങളും പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങളിൽ ജീവനോടെ ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഭൂകമ്പത്തിനുശേഷമുള്ള തുടർചലനങ്ങൾ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്. നാലു ദിവസത്തിനിടെ നൂറിലധികം തുടർചലനങ്ങളുണ്ടായതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ വ്യക്തമാക്കിയത്.
കൊടുംശൈത്യവും ഭക്ഷണവും വെള്ളവും മരുന്നും ലഭ്യമാകാത്തതും അതിജീവിച്ചവരുടെ ജീവിതം ദുരിതമയമാക്കുന്നുണ്ട്. പലയിടത്തും ജീവകാരുണ്യ പ്രവർത്തകർ നൽകുന്ന ഭക്ഷണപ്പൊതികൾക്കായി മണിക്കൂറുകൾ കാത്തിരിക്കുന്നവരെ കാണാം.
കൊടുംശൈത്യത്തെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളില്ലാതെ കുട്ടികളും പ്രായമായവരും സ്ത്രീകളും അടക്കം പ്രയാസപ്പെടുകയാണ്. തകർന്ന കെട്ടിടങ്ങൾക്കു സമീപത്തെ തീ കത്തിച്ചാണ് ശൈത്യത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്.
യുദ്ധം തകർത്ത സിറിയയിലെ അവസ്ഥ ദയനീയമാണ്. ഇദ്രിബിലും അലെപ്പോയിലും പരിക്കേറ്റവർക്ക് ചികിത്സ പോലും ലഭ്യമാകുന്നില്ല. ടെന്റുകൾപോലും തകർന്നതോടെ കൊടുംശൈത്യത്തിൽ തുറന്ന പ്രദേശത്താണ് കഴിയുന്നത്. വ്യാഴാഴ്ചയാണ് ആദ്യമായി സഹായവസ്തുക്കൾ തുർക്കിയ അതിർത്തി കടന്ന് വടക്കൻ സിറിയയിൽ എത്തിയത്. ആറു ലോറിയിലാണ് സാധനങ്ങൾ എത്തിച്ചത്.
ഭൂകമ്പത്തേക്കാൾ വലിയ ദുരന്തമാണ് അതിജീവിച്ചവരെ കാത്തിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഭക്ഷണവും പാർപ്പിടവും വൈദ്യുതിയും ഒന്നും ലഭ്യമല്ലാതെ അധിക ദിവസം ദുരന്തബാധിതർക്ക് അതിജീവിക്കാനാകില്ലെന്നും സഹായം എത്രയും വേഗം എത്തിക്കണമെന്നുമാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.