ഇസ്തംബൂൾ: ഒരു വർഷത്തെ ഇടവേളക്കു ശേഷം വടക്കൻ സിറിയയിൽ സംയുക്ത സൈനിക നിരീക്ഷണം പുനരാരംഭിച്ച് തുർക്കിയയും റഷ്യയും. തുർക്കിയ -സിറിയ അതിർത്തിയിലെ തെൽ അബ്യദിന്റെയും റഅ്സ് അൽഐനിന്റെയും ഇടയിലുള്ള 30 കിലോമീറ്റർ പ്രദേശത്താണ് സംയുക്ത സൈനിക നിരീക്ഷണം.
2019ൽ സിറിയൻ സേനയും തുർക്കിയ സേനയും ചേർന്ന് കുർദ് പോരാളികളിൽനിന്ന് പിടിച്ചെടുത്തതാണ് ഈ പ്രദേശം. സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽഅസദുമായി തുർക്കിയ ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. 2019 നവംബറിലാണ് മേഖലയിൽ തുർക്കിയ -റഷ്യ സംയുക്ത സൈനിക നിരീക്ഷണം ആരംഭിച്ചത്.
കഴിഞ്ഞ വർഷം നിർത്തിവെക്കുന്നതുവരെ 344 നിരീക്ഷണങ്ങൾ സൈന്യം നടത്തിയിരുന്നു. കുർദിഷ് പോരാളി സംഘടനയായ ‘ജനങ്ങളുടെ പ്രതിരോധ യൂനിറ്റി’നെ (വൈ.പി.ജി) ഭീകര സംഘടനയായാണ് തുർക്കിയ കണക്കാക്കുന്നത്.
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെതിരെ പോരാടുന്നതിന് 2014ൽ വൈ.പി.ജിയുമായി യു.എസ് സഹകരിക്കുകയും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്റെ കീഴിൽ കുർദിഷ് പോരാളികളെ പിന്തുണക്കുന്നത് തുടരുകയും ചെയ്തിരുന്നു. ഈ നിലപാടാണ് നാറ്റോ സഖ്യകക്ഷികളായ തുർക്കിയയും യു.എസും തമ്മിൽ ഭിന്നതയിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.