ജനനത്തോടെ വേർപെട്ടുപോയ ഇരട്ടകൾ 19 വർഷത്തിനു ശേഷം വീണ്ടും ഒന്നിച്ചു; സിനിമ കഥപോലെയുള്ള സംഭവം ജോർജിയയിൽ

ജനനസമയത്ത് വേർപിരിഞ്ഞ് വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന ഇരട്ടകൾ വീണ്ടും കണ്ടുമുട്ടിയതിനെ കുറിച്ചാണ് ഹേമമാലിനി നായികയായ സീത ഔർ ഗീത എന്ന ബോളിവുഡ് സിനിമ. കിഴക്കൻ യൂറോപ്യൻ രാജ്യമായ ജോർജിയയിലും സമാനമായൊരു സംഭവം നടന്നു.

ജനനം കൊണ്ട് വേർപെട്ടുപോയ ആമി ഖിവീഷ്യയും ആനോ സർതാനിയയും പരസ്പരമറിയാതെ ജോർജിയയുടെ രണ്ടുകോണിൽ വർഷങ്ങളോളം ജീവിച്ചു. ടിക് ടോക് വിഡിയോയും ടാലന്റ് ഷോയുമാണ് രണ്ടുപേരും തങ്ങൾ ഒരമ്മയുടെ മക്കളായി ഒരേദിവസം പിറന്നവരാണെന്ന് അവരെ മനസിലാക്കിയത്. ബി.ബി.സിയാണ് ഇവരുടെ ജീവിതകഥ റിപ്പോർട്ട് ചെയ്തത്. ജോർജിയയിലെ ആശുപത്രികളിൽ നിന്ന് നവജാതശിശുക്കളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന സാഹചര്യം നിലനിന്നിരുന്നു. അതിനൊരു വലിയ റാക്കറ്റ് തന്നെ പ്രവർത്തിച്ചിരുന്നു.

12 വർഷം പ്രായമുള്ളപ്പോഴാണ് ആമിയും ആനോയും തങ്ങൾ തമ്മിലുള്ള അദൃശ്യമായ ബന്ധത്തിന്റെ നൂലിഴ തിരിച്ചറിഞ്ഞത്. ആമിയുടെ പ്രിയപ്പെട്ട ടി.വി ഷോ ആണ് ജോർജിയാസ് ഗോട്ട് ടാലന്റ്. ഒരിക്കൽ ആ പരിപാടി കണ്ടുകൊണ്ടിരിക്കെയാണ് തന്നെ പോലെയുള്ള ഒരുപെൺകുട്ടി നൃത്തം ചെയ്യുന്നത് ആമി കണ്ടു. എന്നാൽ അത് തന്റെ സഹോദരിയാണെന്ന രഹസ്യം ആമിക്ക് മനസിലാക്കാൻ അന്ന് സാധിച്ചില്ല.

കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ, ടിക്ടോക് വിഡിയോയിൽ നീല നിറത്തിലുള്ള മുടിയുള്ള കാണാൻ തന്നെ പോലെയുള്ള ഒരു പെൺകുട്ടിയെ ആനോ ​​ശ്രദ്ധിച്ചു. വൈകാതെ തന്നെ അത് തന്റെ ഇരട്ടസഹോദരിയാണെന്ന കാര്യം ആ പെൺകുട്ടി മണസിലാക്കി. 2002 ൽ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയശേഷം കോമയിലായതാണ് ഇവരുടെ അമ്മയായ അസ ഷോണി. തുടർന്ന് മക്കളെ വളർത്താൻ മറ്റൊരു വഴിയും മുന്നിൽ തെളിയാത്തത് കൊണ്ട് അസ ഷോണിയുടെ ഗോച്ച ഗഗാറിയ ഹൃദയം മുറിയുന്ന വേദനയോടെ ആ കുഞ്ഞുങ്ങളെ വിൽക്കാൻ തീരുമാനിച്ചു.

ആനോയെ തിബിലിസി കുടുംബമാണ് വളർത്തിയത്. ആമി സുഗ്ദിദിയിലും വളർന്നു. 11 വയസു വരെ രണ്ടുപേരും അജ്ഞാതരായി തുടർന്നു. നൃത്ത മത്സരത്തിൽ പ​ങ്കെടുത്തതാണ് രണ്ടുപേരുടെയും ജീവിതത്തിൽ നിർണായകമായത്. രണ്ടുപേരും തമ്മിലുള്ള അസാധാരണ സാമ്യം ശ്രദ്ധയിൽ പെട്ടവർ സത്യം കണ്ടെത്തുകയായിരുന്നു. എന്നിട്ടും വർഷങ്ങളോളം രണ്ടുസഹോദരിമാരും രണ്ടുവഴികളിൽ തന്നെ ജീവിച്ചു. ടിക്ടോക് വിഡിയോ ആണ് അവരുടെ പുനഃസമാഗമത്തിന് കാരണമായത്. തങ്ങളെ വേർപിരിച്ച രഹസ്യം മറനീക്കിയപ്പോൾ ആ സഹോദരിമാർ കണ്ണീർവാർത്തു.

Tags:    
News Summary - Twins, separated at birth, lived in same city reunited after 19 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.