യുക്രെയ്ൻ പ്രതിസന്ധി 'ദി സിംപ്സൺസ്' 1998ൽ പ്രവചിച്ചതെന്ന് ട്വിറ്റർ; വൈറലായി വിഡിയോ

അമേരിക്കയിലെ ജനപ്രിയ ആക്ഷേപഹാസ്യ പരമ്പരയായ 'ദി സിംപ്സൺസ്' വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. ലോകത്തെ യുദ്ധഭീതിയിലാക്കുന്ന റഷ്യ-യുക്രെയ്ൻ പ്രതിസന്ധി 'ദി സിംപ്സൺസ്' നേരത്തെ പ്രവചിച്ചതാണെന്നാണ് സമൂഹ്യമാധ്യമങ്ങളിൽ ചിലർ ചൂണ്ടിക്കാട്ടുന്നത്. ഇതിനെ സാധൂകരിക്കാൻ പഴയ വീഡിയോ ക്ലിപ്പും എത്തിയിട്ടുണ്ട്.

1998ൽ പുറത്തിറങ്ങിയ 'സിംപ്സൺസ് ടൈഡ്' എന്ന എപ്പിസോഡിലെ ഒരു ഭാഗമാണ് ഇപ്പോൾ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സോവിയറ്റ് യൂനിയന്‍റെ തിരിച്ചുവരവിനേയും ശീതയുദ്ധത്തെക്കുറിച്ചും പരാമർശിക്കുന്ന ഭാഗമാണ് വ്യാപകമായി പ്രചരിക്കുന്നത്.

സോവിയറ്റ് യൂണിയന്റെ തകർച്ച അമേരിക്കയെ കബളിപ്പിക്കാനുള്ള ഒരു തന്ത്രം മാത്രമാണെന്ന് ഐക്യരാഷ്ട്രസഭയിലെ റഷ്യൻ അംബാസഡർ പറ‍യുന്നതായുള്ള ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അവസാന ഭാഗത്തായി വിപ്ലവ നായകൻ ലെനിൻ ശവകുടീരത്തിൽ നിന്ന് 'മുതലാളിത്തത്തെ തകർക്കണം' എന്ന് പറഞ്ഞ് ഉയിർത്തെഴുന്നേറ്റ് വരുന്നതും കാണാം.

2014ൽ റഷ്യ യുക്രെയ്ന്‍റെ ഭാഗമായിരുന്ന ക്രിമിയ പിടിച്ചെടുത്തപ്പോഴും സിംപ്സൺ ഷോയിലെ ഇതേ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ക്രിമിയയിലെ അധിനിവേശം റഷ്യ-യു.എസ് ബന്ധം കൂടുതൽ ഉലച്ചിരുന്നു.

റഷ്യ യുക്രെയ്നിൽ പുതിയ അധിനിവേശത്തിനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. യുക്രെയ്ൻ അതിർത്തിയിൽ ഒന്നര ലക്ഷത്തോളം സൈനികരെ നിയോഗിച്ചതിനെ യു.എസ് ശക്തമായി വിമർശിച്ചിരുന്നു. യുക്രെയ്നിനെ നാറ്റോ സഖ്യത്തിൽ ഉൾപ്പെടുത്തരുതെന്നും കിഴക്കൻ യൂറോപ്പിൽ സൈനികരെയും ആയുധങ്ങളെയും വിന്യസിക്കുന്നത് പരിമിതപ്പെടുത്തണമെന്നുമാണ് റഷ്യയുടെ ആവശ്യം. പാശ്ചാത്യരാജ്യങ്ങൾ യുക്രെയ്നോടൊപ്പം ഒരു വശത്തും റഷ്യയും ചൈനയും മറ്റ് ഏതാനും രാജ്യങ്ങളും മറുവശത്തും അണിനിരന്നതോടെ മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്കയാണുയരുന്നത്.

Tags:    
News Summary - Twitter claims Ukraine crisis was predicted earlier by 'The simpsons' in 1998

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.