ശൈഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ വൻ പ്രതിഷേധം; ഏറ്റുമുട്ടലിൽ രണ്ട് മരണം

ധാക്ക: പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശ് തലസ്ഥാനത്ത് ആയിരക്കണക്കിന് പേർ അണിനിരന്ന പ്രതിഷേധം. ധാക്കയുടെ പ്രാന്തപ്രദേശത്ത് പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗ് അനുഭാവികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.

സർക്കാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാവിലെ നടന്ന നിസ്സഹകരണ പരിപാടിയിൽ പങ്കെടുത്ത പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗ്, ഛത്ര ലീഗ്, ജൂബോ ലീഗ് എന്നീ സംഘടനകളുടെ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. മുൻഷിഗഞ്ചിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തായി ധാക്ക ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ കഴിഞ്ഞിട്ടില്ലെന്നും പത്രം പറഞ്ഞു.

പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജിയും സംവരണ പരിഷ്കരണ പ്രതിഷേധവുമായി ബന്ധപ്പെട്ട് സമീപകാല അക്രമങ്ങളിൽ കൊല്ലപ്പെട്ടവർക്ക് നീതി യും ആവശ്യപ്പെട്ട് ‘വിവേചന വിരുദ്ധ വിദ്യാഥി പ്രസ്ഥാന’ത്തി​ന്‍റെ ബാനറിൽ പ്രതിഷേധക്കാർ മു​ദ്രാവാക്യം മുഴക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒന്നിലധികം സ്ഥലങ്ങളിൽ പോലീസ് വാഹനങ്ങൾക്കും സർക്കാർ കെട്ടിടങ്ങൾക്കും തീയിട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബംഗ്ലാദേശി​ന്‍റെ 1971ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിമുക്തഭടന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസും വിദ്യാർഥി പ്രതിഷേധകരും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾക്ക് ബംഗ്ലാദേശ് അടുത്തിടെ സാക്ഷ്യം വഹിച്ചിരുന്നു. അക്രമങ്ങളിൽ 200ലധികം ആളുകൾ കൊല്ലപ്പെടുകയുണ്ടായി. വർധിച്ചുവരുന്ന അക്രമം തടയൽ ലക്ഷ്യമിട്ട് ചർച്ചക്കുള്ള ഹസീനയുടെ ക്ഷണം പ്രതിഷേധക്കാർ നിരാകരിക്കുകയും സർക്കാറി​ന്‍റെ രാജിക്കായി ഒന്നിച്ച് രംഗത്തിറങ്ങുകയുമായിരുന്നു. നൂറുകണക്കിന് വിദ്യാർഥികളും പ്രൊഫഷനലുകളും ധാക്കയിലെ ഷാബാഗിൽ തടിച്ചുകൂടിയോടെ എല്ലാ ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു.

ബംഗബന്ധു ശൈഖ് മുജീബ് മെഡിക്കൽ യൂനിവേഴ്‌സിറ്റിയിലെ നിരവധി വാഹനങ്ങൾ അജ്ഞാതർ കത്തിച്ചതായി ഡെയ്‌ലി സ്റ്റാർ ദിനപത്രം പുറത്തുവിട്ടു. വടികളുമായെത്തിയവർ ആശുപത്രി വളപ്പിലെ സ്വകാര്യ കാറുകൾ, ആംബുലൻസുകൾ, മോട്ടോർ സൈക്കിളുകൾ, ബസുകൾ എന്നിവ നശിപ്പിച്ചതായും ഇത് രോഗികളെയും ആശുപത്രി ജീവനക്കാരെയും പരിഭ്രാന്തിയിലാഴ്ത്തിയതായും പത്രം പറഞ്ഞു

ഏറ്റവും പുതിയ പ്രതിഷേധങ്ങൾക്കു പിന്നാലെ ധാക്കയിലെ സയൻസ് ലബോറട്ടറി, ധൻമോണ്ടി, മുഹമ്മദ്പൂർ, ടെക്നിക്കൽ, മിർപൂർ10, രാംപുര, തേജ്ഗാവ്, ഫാംഗേറ്റ്, പന്താപത്ത്, ജത്രബാരി, ഉത്തര എന്നിവിടങ്ങളിൽ തുടർന്നും പ്രതിഷേധ പ്രകടനങ്ങളും റാലികളും നടത്തുമെന്ന് പ്രതിഷേധക്കാരു​ടെ കോർഡിനേറ്റർമാർ അറിയിച്ചു.

സ്‌കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, സ്വകാര്യ സർവകലാശാലകൾ, മദ്രസകൾ എന്നിവിടങ്ങളിലെ വിദ്യാർഥികളോടും തൊഴിലാളികൾ, പ്രൊഫഷനലുകൾ, രാഷ്ട്രീയ പ്രവർത്തകർ, മറ്റ് പൊതുപ്രവർത്തകർ എന്നിവരോടും പ്രതിഷേധത്തിൽ പങ്കെടുക്കാൻ കോർഡിനേറ്റർമാർ ആഹ്വാനം ചെയ്തതായാണ് വിവരം.

Tags:    
News Summary - Two killed, 30 injured as protesters and ruling party supporters clash in Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.