ഗസ്സസിറ്റി: അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നരനായാട്ടിൽ ഒരോ മണിക്കൂറിലും രണ്ട് അമ്മമാർ കൊല്ലപ്പെടുന്നതായി യു.എൻ റിപ്പോർട്ട്. അമ്മമാരുടെ മരണത്തോടെ അനാഥരായി പോകുന്ന കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന മാനസികാഘാതത്തെ കുറിച്ച് ഐക്യരാഷ്ട്രസഭയുടെ വനിത ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ സീമ ബാഹൂസ് മുന്നറിയിപ്പ് നൽകി.
2023 ഒക്ടോബർ ഏഴിന് ഇസ്രായേൽ ഗസ്സയിൽ യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ 24,620 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ 16,000 പേർ സ്ത്രീകളും കുട്ടികളുമാണ്. ഈ കണക്കുകൾ ഉദ്ധരിച്ചാണ് ഓരോമണിക്കൂറിലും രണ്ട് അമ്മമാർ കൊല്ലപ്പെടുന്നുവെന്ന നിഗമനത്തിൽ ഐക്യരാഷ്ട്ര സഭ എത്തിയത്. യുദ്ധാനന്തരം ഗസ്സയിലെ 85 ശതമാനം ഫലസ്തീകളും ആഭ്യന്തരമായി കുടിയിറക്കപ്പെട്ടു. യുദ്ധത്തിന്റെയും ആഭ്യന്തര സംഘർഷത്തിന്റെയും ഏറ്റവും വലിയ ഇരകൾ സ്ത്രീകളും കുട്ടികളുമാണെന്നും അവർക്ക് ഒരൽപം സമാധാനം നൽകുകയാണ് തങ്ങളുടെ കടമയെന്നും സീമ ബാഹൂസ് പറഞ്ഞു.
അവരെ നമ്മൾ പരാജയത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഗസ്സ യുദ്ധത്തിന്റെ 100 ദിവസത്തെ കണക്കെടുപ്പിൽ, ഫലസ്തീൻ ജനതയിൽ ഇസ്രായേൽ ഏൽപിച്ച മുറിവുകളുടെ ആഘാതം തലമുറകളോളം നമ്മെ എല്ലാവരെയും വേട്ടയാടുമെന്നും അവർ മുന്നറിയിപ്പു നൽകി.
അതേസമയം, ഗസ്സയിൽ ഇസ്രായേൽ മനപൂർവം യുദ്ധക്കുറ്റം നടത്തുന്നതിന് തെളിവില്ല എന്നായിരുന്നു യു.എസ് ഉന്നത ഉദ്യോഗസ്ഥൻ ജോൺ കിർബി അറിയിച്ചത്. ഗസ്സ കൂട്ടക്കുരുതിയിൽ ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ റിപ്പോർട്ടിനു പിന്നാലെ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന മെക്സിക്കോ, ചിലി രാജ്യങ്ങളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ജോൺ കിർബി. ഗസ്സയിൽ ഇസ്രായേൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന നിഗമനത്തിൽ എത്താൻ സാധിച്ചിട്ടില്ലെന്ന് കോടതി രേഖകൾ ഉദ്ധരിച്ചുകൊണ്ട് യു.കെ നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് യുദ്ധക്കുറ്റങ്ങളാണെന്നതിന്റെ തെളിവുകൾ ഒന്നൊന്നായി പുറത്തുവരികയാണ്. ഡിസംബർ 19ന് ഒരു അപാർട്മെന്റിലെ താമസക്കാരായ 19 ഫലസ്തീൻ യുവാക്കളെയാണ് ഇസ്രായേൽ വെടിവെച്ചുകൊലപ്പെടുത്തിയത്. പുറത്തുവന്ന ദൃശ്യങ്ങളിൽ ഇവരുടെ ശരീരത്തിന്റെ പിൻഭാഗത്ത് ബുള്ളറ്റ്കൊണ്ടുണ്ടായ തുളകൾ വ്യക്തമായി കാണാമായിരുന്നു. 19 ഫലസ്തീനികളെ കൊലപ്പെടുത്തിയതിനു ശേഷവും ഇസ്രായേൽ ഷെല്ലാക്രമണം പുനരാരംഭിച്ചു.
''ഇസ്രായേൽ സൈനികർ കടന്നുവന്ന് സ്ത്രീകളെയും കുട്ടികളെയും ബലമായി പുരുഷൻമാരുടെ അടുത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റി. പുറത്ത് ഫലസ്തീൻ യുവാക്കളെ കൂട്ടമായി കൊലപ്പെടുത്തുകയും ചെയ്തു. അപ്പോൾ ഞാനെന്റെ സഹോദരിയുടെ കൈകളിൽ അമർത്തിപ്പിടിച്ചിരിക്കുകയായിരുന്നു. ഷെല്ലാക്രമണം പുനരാരംഭിച്ചപ്പോൾ അവൾക്കും പരിക്കേറ്റു. അവളിൽ നിന്ന് ചെറിയൊരു ശബ്ദം പുറത്തുവന്നു. എന്നോട് അൽപം വെള്ളംചോദിച്ചു. അവൾ കരയുകയാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ അവൾ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏതാനും സെക്കന്റുകൾക്കകം എന്റെ കൈകളിൽ നിന്ന് അവൾ നിലത്തേക്ക് ഊർന്നുവീണു.''-ഡിസംബർ 19ന് നടന്ന ഇസ്രായേൽ ആക്രമണത്തിന്റെ തീവ്രത ഫലസ്തീൻ യുവതി വിവരിച്ചു. മനുഷ്യാവകാശ സംഘടനകൾ ഫലസ്തീനികളുമായി സംസാരിച്ചാണ് ഇസ്രായേൽ വംശഹത്യയുടെ തെളിവുകൾ ശേഖരിച്ചത്. ഇതിന്റെ ചില റിപ്പോർട്ടുകളാണ് അൽജസീറ പുറത്തുവിട്ടിരിക്കുന്നത്.
''ടാങ്കുകളുടെയും ബുൾഡോസറുകളുടെയും ഇരമ്പമായിരുന്നു ചുറ്റും. കെട്ടിടങ്ങൾക്കു മീതെ ഷെല്ലുകൾ നിർത്താതെ പതിച്ചുകൊണ്ടിരുന്നു. വളരെ ഭീതിദമായ സാഹചര്യമായിരുന്നു.-ആക്രമണത്തിൽ കുഞ്ഞിനെ നഷ്ടമായ ഉമ്മു ഉദയ് സലീം പറയുന്നു.
ഡിസംബർ 19ന് ഇസ്രായേൽ സൈനികർ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചു. അവർ ഞങ്ങളുടെ വാതിൽക്കൽ മുട്ടി. എന്റെ ഭർത്താവാണ് വാതിൽ തുറന്നത്. അദ്ദേഹം ഇവിടെ താമസിക്കുന്നവരെല്ലാം സിവിലിയൻമാരാണെന്ന് അവരോട് പറഞ്ഞു. അവർ അദ്ദേഹത്തെ മറ്റൊരു അപാർട്മെന്റിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തെ വിട്ടയക്കണമെന്ന് അപേക്ഷിച്ച് ഞാനും മക്കളും അവരെ അനുഗമിച്ചു. അവരെന്നെയും മക്കളെയും മർദിച്ചു. തോക്കിൻമുനയിൽ ആ കെട്ടിടത്തിലെ താമസക്കാരായ സ്ത്രീകളെ മുഴുവൻ ഭീഷണിപ്പെടുത്തി ഒരിടത്തേക്ക് മാറ്റി. ഞങ്ങളുടെ വസ്‍ത്രങ്ങളഴിച്ച് പരിശോധിച്ചു. ഞങ്ങളെ ഏറ്റവും മോശമായ വാക്കുകളാൽ അപമാനിച്ചു. കൊല്ലപ്പെട്ട 19പേരിൽ എന്റെ ഭർത്താവുമുണ്ട്. കുനിഞ്ഞുനിൽക്കാൻ ഉത്തരവിട്ടുകൊണ്ട് ഇസ്രായേൽ സൈനികർ അവരെ ഒന്നൊന്നായി വെടിവെച്ചുകൊല്ലുകയായിരുന്നു.-ഉമ്മു ഉദയ് സലീം വിവരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.