ന്യൂയോർക്ക്: കേരള രാഷ്ട്രീയത്തിൽ നക്ഷത്ര ശോഭയോടെ തിളങ്ങിയ മുൻ മന്ത്രിയും സാഹിത്യകാരനും മുസ്ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച യു.എ.ബീരാൻ സാഹിബിന്‍റെ പേരിൽ അമേരിക്കയിലെ കെ.എം.സി.സി തയാറാക്കിയ “യു.എ.ബീരാൻ സാഹിബ് ഫൗണ്ടേഷൻ” ഫേസ്ബുക്ക് പേജ് ന്യൂജഴ്സിയിലെ എഡിസൺ അക്ബർ ബാങ്ക്വിറ്റ് ഹാളിൽവെച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, രാജ്യസഭാംഗം പി.വി. അബ്ദുൽ വഹാബ്, മുൻമന്ത്രി ബിനോയ് വിശ്വം എന്നിവരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.
ഇന്നത്തെ രാഷ്ട്രീയക്കാരിൽ അഴിമതിക്കാർ ഉണ്ടെങ്കിലും രാഷ്ട്രീയക്കാരെല്ലാം മോശക്കാരാണ് എന്ന ധാരണ തെറ്റാണെന്ന് സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. എല്ലാ മതങ്ങളും നന്മ നിറഞ്ഞ കാര്യങ്ങളാണ് ഉത്ബോധിപ്പിക്കുന്നത്. എന്നാൽ എല്ലാ മതങ്ങളിലും ചില കുഴപ്പക്കാർ ഉണ്ടായതുകൊണ്ട് നമ്മൾ എല്ലാ മതങ്ങളെയും തള്ളിപ്പറയുന്നതും ശരിയല്ല. ബീരാൻ സാഹിബിനെ പോലെ നാടിനും സാഹിത്യത്തിനും സമൂഹത്തിനും സേവനം ചെയ്ത ബഹുമുഖ പ്രതിഭകളെ സ്മരിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരു വിശ്വാസി അല്ലാതിരുന്നിട്ടും ഭൂരിപക്ഷ മുസ്ലിം പ്രദേശമായ നാദാപുരത്തെ ജനപ്രതിയായിരിക്കുമ്പോൾ അവർ തന്നെ കണ്ടത് താൻ അസാന്മാർഗിക ജീവിതം നയിക്കുന്ന, തിന്മകൾ ചെയ്യുന്ന വ്യക്തി എന്ന അർത്ഥം വരുന്ന ഒരു 'കാഫിർ' അല്ല എന്ന വിശ്വാസത്താലാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പേജ് പ്രകാശനത്തോടനുബന്ധിച്ച സൗഹൃദ കൂട്ടായ്മയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബിനോയ് വിശ്വം.
ഫേസ്ബുക്ക് പേജ് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. മികച്ച വിദ്യാഭ്യാസം സമൂഹത്തിന് എന്നും നന്മകളും ഉയർച്ചയും മാത്രമേ നൽകിയിട്ടുള്ളൂ എന്നുള്ളതിന്റെ മനോഹരമായ ഉദാഹരണമാണ് അമേരിക്കയിൽ ഇപ്പോൾ എനിക്ക് മുന്നിൽ കാണുന്ന ടെക്നോളജിസ്റ്റുകളും, പ്രഫഷണലുകളും, സ്കോളർഷിപ്പ് നേടിയ ഗവേഷണ വിദ്യാർഥികളും, യു.എൻ ഉച്ചകോടിയിൽ വരെ പങ്കെടുക്കാൻ എത്തിയ വിദ്യാർഥികളും. വർഷങ്ങൾക്ക് മുമ്പ് പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സർജറിക്കായി അഡ്മിറ്റ് ചെയ്യപ്പെട്ട സമയത്ത് നാട്ടിൽ ഉമ്മ മരിച്ച സന്നിഗ്ദ ഘട്ടത്തിൽ അമേരിക്കയിൽനിന്നും ലഭിച്ച സ്നേഹ സാന്ത്വനം ഒരിക്കലും മറക്കാൻ കഴിയുന്നതല്ല എന്ന് മുനവ്വർ തങ്ങൾ വികാര പൂർവ്വം അനുസ്മരിച്ചു.
ചടങ്ങിൽ മുഖ്യാതിഥിയായ രാജ്യസഭാംഗവും മുസ്ലിം ലീഗ് അഖിലേന്ത്യാ ട്രഷററും പ്രമുഖ വ്യവസായിയുമായ പി.വി.അബ്ദുൽ വഹാബ്, ധന സമ്പാദനവും അധികാരവും നേടുന്നതിനേക്കാൾ ആശ്വാസം പകരുക മനുഷ്യ നന്മയും വ്യക്തി ബന്ധങ്ങളും പരസ്പര സ്നേഹവുമാണെന്ന് സൂചിപ്പിച്ചു. ഈ കാലഘട്ടത്തിൽ കേരളത്തിലെ പൊതുസമൂഹത്തിൽ മതേതര മൂല്യങ്ങളും ജാതിമതഭേദമന്യേയുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ നേതൃത്വം നൽകുന്ന പാണക്കാട് കുടുംബത്തിന്‍റെ മേന്മകൾ പി.വി.വഹാബ് മനോഹരമായി അവതരിപ്പിച്ചു.
യു.എ. നസീർ, സമദ് പൊനേരി, ഹനീഫ് എരഞ്ഞിക്കൽ, മുസ്തഫ കമാൽ, താഹ മുഹമ്മദ് എന്നിവർ സംസാരിച്ചു. അൻസാർ കാസിം ചടങ്ങ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.