കംപാല: യുഗാണ്ടയിൽ സ്കൂളിലുണ്ടായ ഭീകരാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 38 പേരും സ്കൂൾ വിദ്യാർഥികളാണ്. എട്ടുപേർ ഗുരുതര നിലയിൽ ആശുപത്രിയിലാണ്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള വിമതരാണ് ആക്രമണം നടത്തിയതെന്ന് അധികൃതർ പറഞ്ഞു.
പടിഞ്ഞാറൻ യുഗാണ്ടയിലെ എംപോണ്ട്വെയിലുള്ള ലുബിരിഹ സെക്കൻഡറി സ്കൂളിലാണ് ആക്രമണമുണ്ടായത്. സ്കൂളിലെ ഡോർമിറ്ററികളിൽ താമസിച്ചിരുന്നവരും കൊല്ലപ്പെട്ടവരിലുണ്ട്. കോംഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലീഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എ.ഡി.എഫ്) എന്ന യുഗാണ്ടൻ ഗ്രൂപ്പാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബ്വേര ഹോസ്പിറ്റലിലേക്ക് മാറ്റിയതായി പൊലീസ് വക്താവ് ഫ്രെഡ് എനംഗ പറഞ്ഞു.
വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 11.30നാണ് രാജ്യത്തെ ഞെട്ടിച്ച ആക്രമണമുണ്ടായത്. 60ലധികം കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും സ്കൂളിൽതന്നെ താമസിക്കുകയാണ് ചെയ്യുന്നത്. അക്രമികൾ ഒരു ഡോർമിറ്ററി അഗ്നിക്കിരയാക്കിയതായും ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്റ്റോർ കൊള്ളയടിച്ചതായും പൊലീസ് പറഞ്ഞു.
ആക്രമണത്തിൽ ചില ആൺകുട്ടികൾ വെന്തുമരിക്കുകയായിരുന്നു. ചിലരെ അക്രമികൾ കുത്തിക്കൊലപ്പെടുത്തി. മറ്റു കുട്ടികളെ അക്രമികൾ തട്ടിക്കൊണ്ടുപോയതായി മേജർ ജനറൽ ഡിക്ക് ഒലും പറഞ്ഞു. ഇവരിൽ കൂടുതലും പെൺകുട്ടികളാണ്. ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കുവേണ്ടി തെരച്ചിൽ ശക്തമാക്കിയതായി സൈന്യം അറിയിച്ചു. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും സൈന്യം വ്യക്തമാക്കി. പർവത മേഖലകളിൽ തമ്പടിക്കാൻ സാധ്യതയുള്ള വിമതരെ കണ്ടെത്താൻ ഹെലികോപ്റ്ററുകളെയും നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.