ലണ്ടൻ: കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് 10 ഡൗണിങ് സ്ട്രീറ്റ് ഗാർഡനിൽ പാർട്ടി നടത്തിയതിന് പാർലമെന്‍റിൽ മാപ്പുപറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 2020 മേയ് 20നായിരുന്നു സംഭവം. പാർട്ടിയിൽ പങ്കെടുക്കാൻ അയച്ച ഇമെയിൽ സന്ദേശം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
പാർട്ടിയിൽ പങ്കെടുത്ത കാര്യം ആദ്യമായി ബോറിസ് ജോൺസൺ സമ്മതിക്കുകയും ചെയ്തു. നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെക്കണമെന്ന് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ ആവശ്യപ്പെട്ടു. നിയമംലംഘിച്ച് പാർട്ടി നടത്തിയതിന് ബോറിസ് ജോൺസൺ പാർലമെന്‍റിൽ മറുപടി പറയണമെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. തുടർന്നാണ് അദ്ദേഹം മാപ്പുപറഞ്ഞത്. ബോറിസ് ജോൺസൺ പാർട്ടിയിൽ പങ്കെടുത്തോ ഇല്ലയോ എന്ന് കൃത്യമായ മറുപടി നൽകണമെന്നായിരുന്നു ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെയും പ്രതിപക്ഷമായ ലേബർപാർട്ടിയിലെയും അംഗങ്ങളുടെ ആവശ്യം.
അതേസമയം പാർട്ടിയിൽ ബോറിസ് ജോൺസണും ഭാര്യയും പങ്കെടുത്തിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. പ്രധാനമന്ത്രിയുടെ മുതിർന്ന ഉപദേഷ്ടാക്കളടക്കം നൂറോളംപേരാണ് കടുത്ത ലോക്ഡൗണിനിടെ പരിപാടിയിൽ പങ്കെടുത്തത്. വീട്ടിനു പുറത്ത് ഒന്നിലേറെ ആളുകൾ കൂടുന്നത് കർശനമായി നിരോധിച്ച സമയമായിട്ടും നിയമംലംഘിച്ചതാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധത്തിന് കാരണം. സർക്കാരിലെ നിരവധി അംഗങ്ങൾ പാർട്ടിയിൽ പങ്കെടുത്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.