കിയവ്: യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 35കാരനും അദ്ദേഹത്തിന്റെ നാലു വയസ്സുള്ള മകനുമാണ് കൊല്ലപ്പെട്ടത്. മൂന്നുപേർക്ക് പരിക്കേറ്റു. കിയവിന്റെ പ്രാന്തപ്രദേശമായ ബ്രോവറി ജില്ലയിലെ ഒരു ജനവാസ മേഖലയിലാണ് ആക്രമണം നടത്തിയത്.
ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ വീടിന് മുകളിൽ വീണാണ് മരണം. കിയവ് ലക്ഷ്യമിട്ട് ഈ മാസം നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിതെന്ന് കിയവ് സിറ്റി സൈനിക ഭരണ മേധാവി സെർഹി പോപ്കോ പറഞ്ഞു. റഷ്യയിലെ കുർസ്കിൽ യുക്രെയ്ൻ നടത്തിയ കനത്ത ആക്രമണത്തിന്റെ തിരിച്ചടിയാണിതെന്ന് സംശയിക്കുന്നു. നാല് ബാലിസ്റ്റിക് മിസൈലുകളും 57 ഷാഹിദ് ഡ്രോണുകളുമാണ് റഷ്യ തൊടുത്തുവിട്ടതെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു. ഇതിൽ 53 ഡ്രോണുകൾ വെടിവെച്ചിട്ടതായും സേന അറിയിച്ചു.
അതേസമയം, കുർസ്ക്, വൊറോനെജ്, ബെൽഗൊറോഡ്, ബ്രയാൻസ്ക്, ഓറിയോൾ പ്രദേശങ്ങളിൽ ശനിയാഴ്ച രാത്രി 35 യുക്രെയ്ൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ട യുക്രെയ്ൻ മിസൈൽ കുർസ്കിലെ കെട്ടിടത്തിന് മുകളിൽ വീണ് 13 പേർക്ക് പരിക്കേറ്റതായി താൽക്കാലിക റീജനൽ ഗവർണർ അലക്സി സ്മിർനോവ് പറഞ്ഞു.
അതിനിടെ, റഷ്യൻ സേനക്കെതിരെ കുർസ്കിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി തുറന്നുപറഞ്ഞു. റഷ്യൻ പ്രദേശങ്ങൾ പിടിച്ചടക്കിയ യുക്രെയ്ൻ സേനക്ക് സെലൻസ്കി നന്ദി പറഞ്ഞു. റഷ്യൻ ആക്രമണം അവസാനിപ്പിക്കാനും യുക്രെയ്നെ സഹായിക്കാനും പാശ്ചാത്യ രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ആയിരക്കണക്കിനാളുകളെ റഷ്യ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിന് പിന്നാലെയാണ് യുക്രെയ്ൻ കനത്ത ആക്രമണം നടത്തിയ കാര്യം സെലൻസ്കി സമ്മതിച്ചത്. വിജയം ഉറപ്പാക്കുന്ന നയത്തിന്റെ ഭാഗമായി സേനയുടെ മുന്നേറ്റം യുക്രെയ്ൻ രഹസ്യമാക്കിവെക്കാറാണ് പതിവ്.
കിർസ്കിൽ റഷ്യൻ സേനക്കെതിരായ യുക്രെയ്ന്റെ പോരാട്ടം തുടർച്ചയായ ആറാം ദിവസത്തിലേക്ക് കടന്നു. അപ്രതീക്ഷിത ആക്രമണത്തിലൂടെ റഷ്യയുടെ 30 കിലോമീറ്ററോളം പ്രദേശങ്ങൾ യുക്രെയ്ൻ സേന പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.