റഷ്യൻ അന്തർവാഹിനിയും വ്യോമ പ്രതിരോധ സംവിധാനവും തകർത്ത് യുക്രെയ്ൻ

കിയവ്: 24 മണിക്കൂറിനുള്ളിൽ റഷ്യൻ അന്തർവാഹിനിയും വ്യോമ പ്രതിരോധ സംവിധാനവും തകർത്ത് യുക്രെയ്ൻ. വെള്ളിയാഴ്ച സെവസ്റ്റോപോൾ തുറമുഖ നഗരത്തിനടുത്ത് നടത്തിയ മിസൈൽ ആക്രമണത്തിലാണ് 2014ൽ റഷ്യ നിർമിച്ച റോസ്തോവ്-ഓൺ-ഡോൺ അന്തർവാഹിനി തകർന്നത്.

കരിങ്കടലിൽ റഷ്യൻ സേന വിന്യസിച്ച നാല് അന്തർവാഹിനികളിലൊന്നാണിത്. കലിബർ ക്രൂയിസ് മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള അന്തർവാഹിനിയാണിത്.

അതേസമയം, അന്തർവാഹിനി ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. റോസ്തോവ്-ഓൺ-ഡോൺ അന്തർവാഹിനിക്ക് മിസൈൽ ആക്രമണത്തിൽ ഗുരുതര കേടുപാടുകൾ സംഭവിച്ചതായി കഴിഞ്ഞ സെപ്റ്റംബറിൽ ബ്രിട്ടനിലെ രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിച്ചിരുന്നു.

അതിനിടെ, സെവസ്റ്റോപോളിലെ റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം തകർത്തതായും യുക്രെയ്ൻ അവകാശപ്പെട്ടു.

റഷ്യൻ സേനയുടെ പ്രധാന ഗതാഗത സൗകര്യമായിരുന്ന കെർച്ച് സ്ട്രെയിറ്റ് പാലം സംരക്ഷിക്കുന്നതിന് സ്ഥാപിച്ച വ്യോമ പ്രതിരോധ സംവിധാനമായ നാല് ലോഞ്ചറുകളാണ് തകർത്തതെന്ന് യുക്രെയ്ൻ സേനയുടെ ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Ukraine destroys Russian submarine and air defense system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.