കിയവ്: സ്പെയിനിലെ മാഡ്രിഡിൽ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിയിൽ യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി പങ്കെടുക്കും. ഉച്ചകോടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതായി നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മിർസിയ ജോനെ സ്ഥിരീകരിച്ചു.
പസഫിക് - ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള നാറ്റോ പങ്കാളികൾ ആദ്യമായി ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ജോനെ തന്‍റെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
നാറ്റോ വിപുലീകരണവും തുറന്ന വാതിൽ നയവും ഉച്ചകോടിയിലെ പ്രധാന ചർച്ച വിഷയമായിരിക്കും. ഫിൻലൻഡും സ്വീഡനും ഞങ്ങളുടെ കൂടെ ചേരുമെന്നാണ് പ്രതീക്ഷ. യുക്രെയ്ൻ വിഷയത്തിൽ തീർച്ചയായും തീരുമാനമെടുക്കുമെന്നും പ്രസിഡന്‍റ് സെലൻസ്കി ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിർസിയ ജോനെ പറഞ്ഞു.
മാഡ്രിഡിൽ ജൂൺ 29, 30 തീയതികളിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിലേക്ക് സെലൻസ്‌കിയെ ക്ഷണിക്കാൻ സ്‌പെയിൻ പദ്ധതിയിട്ടിരുന്നതായി നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. എങ്കിലും നാറ്റോ ഉച്ചകോടിയിൽ രാജ്യത്തിന് അനുകൂലമായ തീരുമാനങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ സമ്മതിച്ചു.
നാറ്റോ പ്രതിരോധ മന്ത്രിമാർ ജൂൺ 15-16 തീയതികളിൽ ബ്രസൽസിൽ യോഗം ചേരുമെന്നും യൂറോപ്യൻ യൂനിയൻ, ജോർജിയ, ഫിൻലൻഡ്, സ്വീഡൻ, യുക്രെയ്ൻ എന്നീ രാജ്യങ്ങളെ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും സഖ്യം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.