കിയവ്: തലസ്ഥാന നഗരമായ കിയവിനു ചുറ്റിലുമുള്ള ചെറുപട്ടണങ്ങൾ ഉൾപ്പെടെ മേഖല പൂർണമായി തിരിച്ചുപിടിച്ചതായി യുക്രെയ്ൻ. കിയവിനു സമീപത്തെ പ്രധാന പട്ടണങ്ങളിൽനിന്ന് റഷ്യൻ സൈന്യം പിന്മാറിയതിനു പിന്നാലെയാണ് മേഖലയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതെന്ന് ഉപ പ്രതിരോധ മന്ത്രി ഗന്ന മാലിയർ അറിയിച്ചു. ഇർപിൻ, ബുച്ച, ഹോസ്റ്റോമെൽ പട്ടണങ്ങളും കിയവ് മേഖലയും റഷ്യൻ നിയന്ത്രണത്തിൽനിന്ന് സ്വതന്ത്രമാക്കിയതായി അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം ആരംഭിച്ചതു മുതൽ ഈ മൂന്നു പട്ടണങ്ങളിലും വ്യാപക നാശമാണുണ്ടായത്. നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച മാത്രം ബുച്ചയിലെ ഒരു തെരുവിൽ 20 മൃതദേഹങ്ങൾ കണ്ടിരുന്നതായി എ.എഫ്.പി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാളുടെ കൈകൾ കൂട്ടികെട്ടിയ നിലയിലായിരുന്നു. ബുച്ചയിൽ 280 പേരുടെ മൃതദേഹങ്ങൽ ഒരു കുഴിയിൽ സംസ്കരിച്ചതായും പട്ടണത്തിന്‍റെ തെരുവുകളിൽ മൃതദേഹങ്ങൾ നിറഞ്ഞിരിക്കുകയാണെന്നും മേയർ അറിയിച്ചു.
അധിനിവേശം ആരംഭിച്ചതു മുതൽ ഇർപിനിൽ മാത്രം 200 പേർ കൊല്ലപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. പട്ടണത്തിന്‍റെ നിയന്ത്രണം തിരിച്ചുപിടിച്ചതിനു പിന്നാലെ 643 സ്ഫോടക വസ്തുക്കളാണ് യുക്രെയ്ൻ അധികൃതർ നിർവീര്യമാക്കിയത്. വ്യോമതാവളത്തിന്‍റെ നിയന്ത്രണത്തിനായി രൂക്ഷമായ പോരാട്ടം നടന്ന പട്ടണമാണ് ഹോസ്റ്റോമെൽ. വടക്കൻ മേഖലകളിൽനിന്ന് പിൻവാങ്ങുന്ന റഷ്യൻ സൈന്യം കിഴക്കൻ, തെക്കൻ മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്ന് യുക്രെയ്ൻ അറിയിച്ചു.
കിയവ് വിട്ട് കിഴക്കൻ, തെക്കൻ യുക്രെയ്നിൽ ആക്രമണം ചുരുക്കുകയാണ് റഷ്യയുടെ പദ്ധതി. പിൻമാറ്റ റിപ്പോർട്ടുകൾക്കിടെയും മറ്റിടങ്ങളിൽ റഷ്യ ആക്രമണം തുടരുകയാണ്. മധ്യമേഖലയിൽ താമസ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ശനിയാഴ്ച പുലർച്ചെ വൻ ആക്രമണം നടന്നതായി പോൾട്ടാവ മേഖല മേധാവി മാധ്യമങ്ങളോട് പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്ക് പുറത്തുവന്നിട്ടില്ല. കിയവിന് കിഴക്കുള്ള മേഖലയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.