കിയവ്: യുക്രെയ്നും അമേരിക്കയും സംയുക്തമായി ആയുധനിർമാണത്തിന് ധാരണയായെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. യുക്രെയ്നിലാണ് ആയുധ വ്യവസായകേന്ദ്രം നിർമിക്കുക. യു.എസ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. തൊഴിൽ സൃഷ്ടിക്കുകയും സമ്പദ്വ്യവസ്ഥക്ക് കരുത്തുപകരുകയും ചെയ്യുന്ന ദീർഘകാല കരാറിലെത്താൻ കഴിഞ്ഞു.
റഷ്യക്കെതിരായ യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തിൽ രാജ്യത്തിന് ഏറെ ഗുണംചെയ്യുന്നതാണിത്. 20ലേറെ രാജ്യങ്ങളിൽനിന്നുള്ള ആയുധനിർമാണ കമ്പനികളെ പങ്കെടുപ്പിച്ച് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുമെന്ന് സെലൻസ്കി നേരത്തേ പറഞ്ഞിരുന്നു. രാജ്യത്തെ ആയുധനിർമാണ കമ്പനി നവീകരിക്കാനും ശേഷി വർധിപ്പിക്കാനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
അതിനിടെ സെലൻസ്കിയുടെ സന്ദർശനത്തിനിടെ യു.എസ് യുക്രെയ്ന് 12.8 കോടി ഡോളറിന്റെ ആയുധസഹായം പ്രഖ്യാപിച്ചു. കവചിത വാഹനങ്ങളും ടാങ്ക് വേധ മിസൈലുകളും വെടിക്കോപ്പുകളും ഉൾപ്പെടുന്നതാണിത്. യു.എസിന്റെ അബ്രാംസ് ടാങ്കുകളുടെ ആദ്യ ബാച്ച് അടുത്തയാഴ്ച യുക്രെയ്ന് കൈമാറും. അതിനിടെ സെലൻസ്കി വെള്ളിയാഴ്ച കാനഡ സന്ദർശിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തി. മുൻകൂട്ടി പ്രഖ്യാപിക്കാതെയുള്ള സന്ദർശനമായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.