ക്രെംലിൻ: വികസ്വര രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യവസ്തു വിതരണത്തിൽ റഷ്യ തടയിടുന്നുവെന്നും അത് ആയുധമായി ഉപയോഗിക്കുന്നുവെന്നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് ചാൾസ് മിഷേൽ. നിലവിലെ ആഗോള ഭക്ഷ്യ പ്രതിസന്ധിക്ക് കാരണം റഷ്യയാണെന്നും അദ്ദേഹം ആരോപിച്ചു. ന്യൂയോർക്കിൽ നടന്ന സുരക്ഷ കൗൺസിൽ സമ്മേളനത്തിലാണ് മിഷേൽ വിമർശനം ഉന്നയിച്ചത്.
"റഷ്യൻ യുദ്ധം ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടു. ലോകത്താകെ ആഹാരപദാർത്ഥങ്ങൾക്ക് വില കൂടി. മുഴുവൻ പ്രദേശങ്ങളെയും അസ്ഥിരപ്പെടുത്തി. ഒരേയൊരുത്തരവാദി റഷ്യയാണ്," ചാൾസ് മിഷേൽ ആഞ്ഞടിച്ചു.
കീഴടക്കിയ യുക്രെയ്ൻ പ്രദേശങ്ങളിൽ നിന്ന് റഷ്യൻ സേന ധാന്യങ്ങൾ കൊള്ളയടിക്കുകയും കുറ്റം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയുമാണ് ചെയ്യുന്നത്. റഷ്യ നടപ്പാക്കിയിട്ടുള്ള നാവിക ഉപരോധം കാരണം ദശലക്ഷക്കണക്കിന് ടൺ ധാന്യങ്ങൾ യുക്രെയ്ൻ തുറമുഖമായ ഒഡേസയിൽ കെട്ടിക്കിടക്കുന്ന വിവരം തനിക്ക് നേരിട്ടറിയാമെന്നും അദ്ദേഹം ആരോപിച്ചു.
രൂക്ഷ വിമർശനത്തെ എതിർത്ത് റഷ്യയുടെ ഐക്യരാഷ്ട്ര സഭ അംബാസിഡർ വാസിലി നെബൻസിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി.
ആഗോളതലത്തിൽ ഭക്ഷ്യ പ്രതിസന്ധി തുടരുമ്പോൾ റഷ്യ യുക്രെയ്ന്റെ ധാന്യങ്ങൾ കൊള്ളയടിക്കുന്നതായി തെളിവുകളുണ്ടെന്ന് യു.എസ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും പറഞ്ഞിരുന്നു.
ഭക്ഷ്യ പ്രതിസന്ധി മറികടക്കാൻ യുക്രെയ്ൻ സഹകരിക്കാൻ തയ്യാറാണെന്നും എന്നാൽ വ്യാപാര പാത റഷ്യ തടയില്ല എന്ന് എങ്ങനെ ഉറപ്പാക്കുമെന്ന് യുക്രെയ്ന്‍റെ യു.എൻ അംബാസിഡർ സെർജി കിസ്ലിത്സിയ ആശങ്ക അറിയിച്ചു. ഞായറാഴ്ച ധാന്യങ്ങളുമായി പോയ നാല് യുക്രെയ്ൻ ചരക്ക് വാഹനങ്ങൾ റഷ്യൻ മിസൈലുകൾ തകർത്തിരുന്നതായി.
ഭീഷണികളുണ്ടെങ്കിലും ഭക്ഷണവിതരണം നടത്താമെന്നും അതിന് ആദ്യമായി യുക്രെയ്നിനെ ചുറ്റി സമുദ്രപ്രദേശത്ത് വിന്യസിപ്പിച്ച നാവിക സേനയെ റഷ്യ തിരിച്ചയക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.