ഖാർകിവിൽ റഷ്യൻ മുന്നേറ്റം; സൈന്യത്തെ പിൻവലിച്ച് യുക്രെയ്ൻ

കിയവ്: അതിർത്തി പട്ടണമായ ഖാർകിവിൽ റഷ്യൻ മുന്നേറ്റം ശക്തം. നിരന്തര സമ്മർദത്തിനൊടുവിൽ മേഖലയിലെ സൈന്യത്തെ യുക്രെയ്ൻ പിൻവലിച്ചു. ഖാർകിവിലെ ഗുരുതര സാഹചര്യങ്ങൾ മുൻനിർത്തി യുക്രെയ്ൻ പ്രസിഡന്റ് വോളോദമിർ സെലൻസ്കി എല്ലാ വിദേശയാത്രകളും നിർത്തിവെച്ചു. രാജ്യത്തെ എല്ലാ പട്ടണത്തിലും പരിസരത്തും റഷ്യൻ സേന കനത്ത ആക്രമണം തുടരുകയാണ്. നഗരത്തിന്റെ ഭാഗമായ ലുകിയാന്റ്സ്കി, ഹിലിബോക് എന്നിവയും സപോറഷ്യയിലെ ഒരു പ്രദേശവും പിടിച്ചെടുത്തതായി റഷ്യൻ സേന അറിയിച്ചു. ലുകിയാൻസ്കിയിൽനിന്നും വോവ്ചാൻസ്‍കിൽനിന്നും സൈന്യത്തെ പിൻവലിച്ചതായി യുക്രെയ്നും അറിയിച്ചു.

ദിവസങ്ങളായി ആക്രമണം തുടരുന്ന ഖാർകിവിൽനിന്ന് സിവിലിയൻ പലായനം തുടരുകയാണ്. ആയിരങ്ങൾ ഇതിനകം നാടുവിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചശേഷം ഏറ്റവും കടുത്ത ആക്രമണമാണ് ദിവസങ്ങളായി ഖാർകിവിലും പരിസരങ്ങളിലും തുടരുന്നത്. 6100 കോടി ഡോളറിന്റെ യു.എസ് സൈനിക സഹായം അംഗീകരിക്കപ്പെടുകയും പിന്തുണ അറിയിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കിയവിലെത്തുകയും ചെയ്തതിനു പിറകെയാണ് റഷ്യ ഏറ്റവും കടുത്ത പ്രഹരമേൽപിച്ചതെന്നത് ശ്രദ്ധേയമാണ്. റഷ്യൻ അതിർത്തി പട്ടണമായ ബെൽഗോറോഡിൽ യുക്രെയ്നും ആക്രമണം തുടരുന്നുണ്ട്.

Tags:    
News Summary - Ukraine withdraws troops near Kharkiv, Russia enters Vovchansk in new offensive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.