കിയവ്: യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം പതിനാലാം ദിവസത്തിലേക്ക് കടക്കുകയാണ്. മാറ്റങ്ങളില്ലാതെ യുദ്ധം തുടരുന്നത് മൂകസാക്ഷികളായി നോക്കിയിരിക്കുകയാണ് ലോകം. എന്നാൽ ഒരു അധിനിവേശ ശക്തികൾക്കും കീഴ്പ്പെടുത്താനാവാത്ത ആത്മവീര്യത്തിന്‍റെ ദൃശ്യങ്ങളാണ് യുക്രെയ്നിൽ നമ്മൾ ദിവസവും കാണുന്നത്. അത്തരത്തിൽ യുക്രെയ്ന്‍ ജനങ്ങളെ ആശ്വസിപ്പിക്കുന്ന സൈനിക ബാന്‍ഡിന്‍റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ബോബി മക്ഫെറിന്‍റെ 'ഡോണ്ട് വറി, ബി ഹാപ്പി' എന്ന ഗാനമാണ് സൈനികർ വിഡിയോയിൽ വായിക്കുന്നത്. ഒഡേസ ഓപ്പറയ്ക്കും ബാലെ തിയേറ്ററിനും കാവൽ നിന്ന്കൊണ്ട് സൈനികർ വായിക്കുന്ന ഈ സംഗീതം ആരിലും ശുഭപ്രതീക്ഷകൾ ഉണർത്തുന്നത്. ഗായകനായ ബോബി മക്ഫെറിന്‍ തന്നെ തന്‍റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
സൈനികരുടെ ധൈര്യത്തെയും യുക്രെയ്ൻ പൗരൻമാർക്ക് അവർ നൽകുന്ന പിന്തുണയെയും അഭിനന്ദിച്ച് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കിട്ടിട്ടുണ്ട്. ഒരു പ്രതിസന്ധിയിലും തളരാതെ എന്തിനെയും നേരിടാനുള്ള യുക്രെയ്ന്‍ ജനതയുടെ പോരാട്ടവീര്യത്തെയും നെറ്റിസൺമാർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.