ഇസ്രായേൽ ഫ്ലാഗ് മാർച്ച്; ദേശീയവാദികൾ മസ്ജിദുൽ അഖ്സയിലേക്ക് ഇരച്ചുകയറി

ജറൂസലം: ഫ്ലാഗ് മാർച്ചിനു മുന്നോടിയായി നൂറോളം വരുന്ന ഇസ്രായേലി വലതുപക്ഷ ജൂത ദേശീയവാദികൾ മസ്ജിദുൽ അഖ്സയിലേക്ക് ഇരച്ചുകയറി. ഇതിൽ പ്രതിഷേധിച്ച ഫലസ്തീൻകാർക്കെതിരെ ഇസ്രായേൽ സൈന്യം റബർ ബുള്ളറ്റ് പ്രയോഗിച്ചു. 10 പേരെ അറസ്റ്റ് ചെയ്തു.

ഇസ്രായേൽ പാർലമെന്റിലെ കടുത്ത ജൂത ദേശീയവാദി നേതാവായ ഇറ്റാമർ ബെൻ ഗവിറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച പുലർച്ചെ മസ്ജിദുൽ അഖ്സ വളപ്പിൽ പ്രവേശിച്ചത്. ഇവർക്ക് വഴിയൊരുക്കിക്കൊടുക്കാനായി ഇസ്രായേൽ സൈന്യം അൽഖിബ്‍ലി ഹാളിലെ മുസ്‍ലിംകളെ ബലംപ്രയോഗിച്ച് മാറ്റിയതായി അൽ ജസീറ കറസ്പോണ്ടന്റ് നജ്‍വാൻ ശിംരി പറഞ്ഞു. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ഫലസ്തീൻ മാധ്യമപ്രവർത്തകരെ ഇസ്രായേൽ സൈന്യം തടഞ്ഞതായും അവർ കൂട്ടിച്ചേർത്തു.

പ്രതിഷേധവുമായെത്തിയ ഫലസ്തീൻകാർക്കെതിരെ ഇസ്രായേൽ സൈന്യം റബർ ബുള്ളറ്റുകളുതിർത്തതായും 10 പേരെ അറസ്റ്റ് ചെയ്തതായും വഫ ന്യൂസ് റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ശുശ്രൂഷിക്കാൻ ശ്രമിച്ച ആംബുലൻസ് ജൂത ദേശീയവാദികൾ തടഞ്ഞതായി ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.

അതിനിടെ, അൽ അഖ്സ വളപ്പിൽ പ്രവേശിച്ച ജൂതരിൽ ചിലർ പ്രാർഥിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ഇസ്രായേൽ നിയമപ്രകാരം അൽ അഖ്സ വളപ്പിൽ ജൂതർക്ക് പ്രാർഥിക്കാൻ അനുമതിയില്ല. ഇസ്രായേലിലെ ജൂത റബ്ബിയും ഇത് വിലക്കിയിട്ടുണ്ട്. എന്നാൽ, കടുത്ത ദേശീയ വാദികളായ ജൂതർ പലപ്പോഴും ഫലസ്തീനികളെ പ്രകോപിപ്പിക്കാനായി അൽ അഖ്സയിൽ പ്രാർഥനക്ക് ശ്രമിക്കാറുണ്ട്.

Tags:    
News Summary - Ultra-nationalist Jews storm Al-Aqsa ahead of Israeli flag march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.