യുനൈറ്റഡ് നേഷൻസ്: അർമീനിയയും അസർബൈജാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അഭ്യർഥിച്ചു. അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവ്, അർമീനിയൻ പ്രധാനമന്ത്രി നികോൾ പഷ്നിയാൻ എന്നിവരെ ഫോണിൽ വിളിച്ച് അദ്ദേഹം സമാധാനത്തിന് ആഹ്വാനം ചെയ്തു.
മൂന്നു ദിവസമായി ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. ഔദ്യോഗികമായി അധികാരം അസർബൈജാനാണെങ്കിലും അർമീനിയൻ നിയന്ത്രണത്തിലുള്ള നഗോർണോ-കരാബാഗ് പ്രദേശത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണം. 1988 മുതൽ പ്രദേശത്തെ ചൊല്ലി ഇരുരാജ്യങ്ങളും സംഘർഷത്തിലാണ്. 1994ൽ നടന്ന ചർച്ചക്ക് ശേഷം വെടിനിർത്തൽ യാഥാർഥ്യമായെങ്കിലും പലപ്പോഴായി ചെറിയ സംഘർഷങ്ങൾ മേഖലയിൽ ഉണ്ടായിട്ടുണ്ട്.
അസർബൈജാനാണ് ആക്രമണം തുടങ്ങിയതെന്ന് അർമീനിയൻ പ്രതിരോധ വക്താവ് പറഞ്ഞു. അതേസമയം, അർമീനിയൻ ആക്രമണത്തിന് തിരിച്ചടി നൽകുകയായിരുന്നുവെന്ന് അസർബൈജാൻ അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.