യു.എൻ സെക്രട്ടറി ജനറൽ കിയവിൽ

കിയവ്: യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസ് യുക്രെയ്ൻ തലസ്ഥാനമായ കിയവിലെത്തി. 21ാം നൂറ്റാണ്ടിൽ യുദ്ധം അസംബന്ധമാണെന്ന് ഗുട്ടെറസ് അഭിപ്രായപ്പെട്ടു. റഷ്യയിൽ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് അദ്ദേഹം കിയവിലെത്തിയത്.

മരിയുപോളിലെ ഒഴിപ്പിക്കൽ ദൗത്യത്തിന് സഹായിക്കുമെന്നും വാഗ്ദാനം നൽകി. കിഴക്കൻ യുക്രെയ്ൻ പ്രവിശ്യകളിൽ റഷ്യൻ സൈന്യം ആക്രമണം വ്യാപിപ്പിച്ചു. തെക്കൻ മേഖലയിലെ ഖെർസണിൽ നിരവധി തവണ റോക്കറ്റാക്രമണം നടന്നതായി റഷ്യൻ വാർത്ത ഏജൻസി ആർ.ഐ.എ റിപ്പോർട്ട് ചെയ്തു. ഖെർസണിൽ വിനിമയത്തിൽ മേയ് ഒന്നുമുതൽ റൂബിളാക്കുമെന്നും റഷ്യൻ ഉദ്യോഗസ്ഥർ അറിയിച്ചു.

അതിനിടെ യുക്രെയ്ന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്ക് റഷ്യ മുന്നറിയിപ്പ് നൽകി. ആയുധ കൈമാറ്റം യൂറോപ്പിന്റെ സുരക്ഷയെ ബാധിക്കുമെന്നാണ് ഭീഷണി. വീണ്ടും സമാധാന ചർച്ചക്ക് നിർദേശം മുന്നോട്ടുവെച്ചിട്ടും യുക്രെയ്ൻ പ്രതികരിച്ചിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. റൂബിളിൽ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ബൾഗേറിയ, പോളണ്ട് രാജ്യങ്ങൾക്ക് റഷ്യ പ്രകൃതിവാതകം നിർത്തിയിരുന്നു. ഇടപാട് റൂബിളിൽ നടത്താൻ റഷ്യയുമായി ധാരണയിലെത്തിയിട്ടില്ലെന്ന് യൂറോപ്യൻ യൂനിയൻ പ്രതികരിച്ചു.

അതിനിടെ, യുദ്ധവിമാന പ്രതിരോധ ടാങ്കുകളിൽ ഉപയോഗിക്കുന്ന വെടിക്കോപ്പുകൾ യുക്രെയ്ന് കൈമാറാനുള്ള ജർമനിയുടെ നീക്കം സ്വിറ്റ്സർലൻഡ് ഭരണകൂടം വീണ്ടും വിലക്കി. സ്വിസ് നിർമിത വെടിക്കോപ്പുകൾ കൈമാറുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. വിദേശ, സ്വദേശ സമ്മർദം കണക്കിലെടുത്ത്, റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് വൻകിട വെടിക്കോപ്പുകൾ യുക്രെയ്ന് കൈമാറുമെന്നാണ് നേരത്തെ ജർമനി പ്രഖ്യാപിച്ചത്. ഗെപാർഡ് ടാങ്കിനുള്ള 35 എം.എം വെടിക്കോപ്പും 12.7 എം.എം വെടിക്കോപ്പും കൈമാറാനായിരുന്നു ജർമൻ നീക്കം. ഗെപാർഡ് ടാങ്കിൽ ഉപയോഗിക്കുന്ന വെടിക്കോപ്പുകൾ യുക്രെയ്നിലേക്ക് അയക്കുന്നതിൽനിന്ന് ജർമനിയെ വിലക്കിയെന്ന് സ്വിസ് സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫോർ ഇക്കണോമിക് അഫയേഴ്സ് (സെകോ) സ്ഥിരീകരിച്ചു.   

Tags:    
News Summary - UN Secretary-General in Kiev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.