യു.എൻ രക്ഷാസമിതിയിൽ നടന്ന വോട്ടെ​ടുപ്പ്

ഗസ്സയിൽ സമ്പൂർണ വെടിനിർത്തലിന് യു.എൻ രക്ഷാസമിതി അംഗീകാരം

യുനൈറ്റഡ് നാഷൻസ്: ഗസ്സയിൽ അടിയന്തരമായ വെടിനിർത്തൽ ആവശ്യം അംഗീകരിച്ച് യു.എൻ രക്ഷാ സമിതി. എട്ടു മാസത്തിലേറെ നീണ്ടുനിന്ന ഇസ്രാ​യേലിന്റെ ഗസ്സയിലെ രക്തച്ചൊരിച്ചിലിൽ ഇതാദ്യമായാണ് യു.എസ് പിന്തുണയുള്ള പ്രമേയത്തിൽ യു.എൻ വെടിനിർത്തലിന് അംഗീകാരം നൽകുന്നത്.

 പ്രമേയത്തിന്മേൽ തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 14 രാജ്യങ്ങൾ വോട്ടു ചെയ്തപ്പോൾ റഷ്യ വിട്ടുനിന്നു. കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ച മൂന്ന് ഘട്ട വെടിനിർത്തൽ നിർദേശത്തെ പ്രമേയം മുന്നോട്ടുവെക്കുന്നു. 

ഇസ്രായേൽ ഈ നിർദേശം അംഗീകരിച്ചതായി യു.എസ് അറിയിച്ചു.  പ്രമേയത്തെ ഹമാസ് സ്വാഗതം ചെയ്തു. കരാറിൻ്റെ തത്വങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് മധ്യസ്ഥരുമായി സഹകരിക്കാനും പരോക്ഷ ചർച്ചകളിൽ ഏർപ്പെടാനും തയ്യാറാണെന്ന് വോട്ടെടുപ്പിനു ശേഷം ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.

ആറാഴ്ചത്തെ പ്രാരംഭ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം ഗസ്സയിൽ തടവിലാക്കിയ ഏതാനും ഇസ്രായേലി തടവുകാരെയും ഇസ്രായേലി ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെയും പരസ്പരം കൈമാറ്റം ചെയ്യാൻ ആവശ്യപ്പെടുന്നു.

രണ്ടാംഘട്ടത്തിൽ സ്ഥിരമായ വെടിനിർത്തലും ബാക്കി തടവുകാരെ മോചിപ്പിക്കുന്നതും ഉൾപ്പെടും. മൂന്നാം ഘട്ടത്തിൽ തകർന്ന ഗസ്സ മുനമ്പിന്റെ പുനർനിർമാണ ശ്രമങ്ങൾ ഉൾപ്പെടുന്നു.

കാലതാമസമില്ലാതെയും നിബന്ധനകളില്ലാതെയും വെടിനിർത്തൽ പൂർണ്ണമായും നടപ്പിലാക്കാൻ പ്രമേയം ഇസ്രായേലിനെയും ഹമാസിനെയും പ്രേരിപ്പിക്കുന്നതായി യു.എസ് പറഞ്ഞു.

പ്രമേയം പാസാക്കിയെങ്കിൽകൂടി ഗസ്സ ഭരിക്കുന്ന ഹമാസിനെ ഇല്ലാതാക്കുന്നത് വരെ യുദ്ധം തുടരുമെന്ന്  ഇസ്രായേൽ ഉദ്യോഗസ്ഥർ മുന്നിയിപ്പു നൽകിയതിനാൽ ഈ നീക്കം എത്രമാത്രം ഫലപ്രദമാവുമെന്ന് ഉറ്റുനോക്കുകയാണ്  ലോകമൊന്നടങ്കം.



Tags:    
News Summary - UN security council endorses US-backed hostages-for-ceasefire Gaza deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.