ലബനാനിലെ ഇസ്രായേൽ ആക്രമണം; അടിയന്തര യോഗം ചേർന്ന് യു.എൻ രക്ഷാസമിതി

വാഷിങ്ടൺ: ലബനാനിലെ ഇസ്രായേൽ ആക്രമണത്തിൽ യു.എൻ സുരക്ഷാസമിതി അടിയന്തര യോഗം ചേർന്നു . പേജർ ആക്രമണത്തെ തുടർന്ന് ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം ശക്തമായിരുന്നു. ഇതേ തുടർന്നാണ് യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം.

ആശങ്കപ്പെടുത്തുന്ന സംഭവങ്ങളാണ് ലബനാൻ-ഇസ്രായേൽ അതിർത്തിയിൽ ഉണ്ടാവുന്നതെന്ന് യു.എൻ അണ്ടർ സെക്രട്ടറി ജനറൽ റോസ്മേരി ഡികാർളോ പറഞ്ഞു. ഒരു വർഷമായി അതിർത്തിയിൽ സംഘർഷസാധ്യത നിലനിൽക്കുന്നുണ്ടെന്നും സാഹചര്യം സുരക്ഷാസമിതിയുടെ പ്രമേയത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രാഥമികമായ മനുഷ്യാവകാശ നിയമങ്ങൾ പോലും ലംഘിച്ചാണ് ഇസ്രായേലിന്റെ ആക്രമണമെന്ന് ലബനാൻ വിദേശകാര്യമന്ത്രി അബ്ദല്ല ബോ ഹബീബ് പറഞ്ഞു. സാധാരണക്കാരായ പൗരൻമാരെ ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ ആക്രമണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്തംബറിൽ യു.എൻ രക്ഷാസമിതിയുടെ അധ്യക്ഷപദവി അലങ്കരിക്കുന്ന സ്ലോവേനിയയുടെ പ്രതിനിധി സാമുവൽ ബോഗർ അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും പുതിയ പ്രദേശത്തേക്ക് പുതിയ രീതിയിലുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് പോരാട്ടം ശക്തമാകുന്നതെന്നും പറഞ്ഞു. സുരക്ഷാസമിതി ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ദക്ഷിണഭാഗത്തുള്ള തങ്ങളുടെ പൗരൻമാരെ ഹമാസ് കൊലപ്പെടുത്തുകയാണുണ്ടായതെന്ന് ഇസ്രായേലിന്റെ യു.എന്നിലെ സ്ഥിരം പ്രതിനിധി ഡാനി ഡാനോൺ പറഞ്ഞു. ഹമാസും ഹിസ്ബുല്ലയും ആയിരക്കണക്കിന് റോക്കറ്റുകളാണ് ഇസ്രായേൽ ലക്ഷ്യമിട്ട് തൊടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - UN Security Council meets in emergency session over Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.