വെടിനിർത്തൽ: എല്ലാവരും പിന്തുണച്ചിട്ടും യു.എസ് വീറ്റോ ചെയ്യുന്നത് എന്ത് നീതി? -ഉർദുഗാൻ

ഇസ്താംബൂൾ: ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ മറ്റെല്ലാ രാജ്യങ്ങളും വെടിനിർത്തൽ ആവശ്യപ്പെടുമ്പോൾ യു.എസ് വീറ്റോ ചെയ്യുന്നത് എന്ത് നീതിയാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. യു.എസിന് വീറ്റോ ചെയ്യാൻ കഴിയാത്ത തരത്തിൽ യു.എൻ രക്ഷാസമിതി പരിഷ്കരിക്കണമെന്നും ഇസ്താംബൂളിൽ നടന്ന മനുഷ്യാവകാശ സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

യുഎൻ സെക്യൂരിറ്റി കൗൺസിലിൽ തങ്ങൾക്കുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതായും ഉർദുഗാൻ കൂട്ടിച്ചേർത്തു. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന യു.എൻ സെക്രട്ടറി ജനറലിന്റെയും രക്ഷാസമിതിയുടെയും പ്രമേയം അമേരിക്ക വീറ്റോചെയ്തതിനെ തുടർന്ന് രക്ഷാസമിതിയിൽ പാസായിരുന്നില്ല. 55 രാജ്യങ്ങളുടെ പിന്തുണയോടെ യു.എ.ഇ കൊണ്ടുവന്ന കരട് പ്രമേയമാണ് അമേരിക്കയുടെ വീറ്റോ അധികാരത്തിൽ തള്ളിപ്പോയത്.

15 അംഗ രക്ഷാസമിതിയിൽ 13 രാജ്യങ്ങൾ പ്രമേയത്തിനു അനുകൂലമായി വോട്ടു ചെയ്തു. ബ്രിട്ടൻ വിട്ടുനിന്നു. ഗസ്സയിൽ ഇസ്രായേലിന്‍റെ മനുഷ്യക്കുരുതി രണ്ടുമാസം പിന്നിട്ടതോടെയാണ് വെടിനിർത്തൽ ആവശ്യപ്പെടാൻ യു.എൻ ചാർട്ടറിലെ 99ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്‍റെ പ്രത്യേകാധികാരം പ്രയോഗിച്ച് അടിയന്തര രക്ഷാസമിതി വിളിച്ചുചേർത്തത്.

ഗസ്സയിലെ ജനങ്ങളുടെ നരകയാതന അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം എന്തെങ്കിലും ചെയ്തേ പറ്റൂ എന്നും ലോകവും ചരിത്രവും എല്ലാം കാണുന്നുണ്ടെന്നും ഇത് പ്രവർത്തിക്കാനുള്ള സമയമാണെന്നും ഗുട്ടെറസ് പറഞ്ഞിരുന്നു. നിലവിൽ വെടിനിർത്തൽ ഉണ്ടായാൽ ഹമാസിനാകും ഗുണം ചെയ്യുകയെന്ന് പറഞ്ഞാണ് അമേരിക്ക പ്രമേയത്തെ വീറ്റോ ചെയ്തത്.

‘ഇസ്രായേലിനും ഫലസ്തീനും സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാൻ കഴിയുന്ന സമാധാന അന്തരീക്ഷത്തെ യു.എസ് ശക്തമായി പിന്തുണക്കുന്നുണ്ടെങ്കിലും ഉടനടി വെടിനിർത്തലിനുള്ള ആഹ്വാനത്തെ ഞങ്ങൾ പിന്തുണക്കുന്നില്ല. ഇത് അടുത്ത യുദ്ധത്തിനുള്ള വിത്ത് പാകുകയേ ഉള്ളൂ. കാരണം ശാശ്വതമായ സമാധാനം കാണാനും ദ്വിരാഷ്ട്ര പരിഹാരം കാണാനും ഹമാസിന് ആഗ്രഹമില്ല’ -യു.എന്നിലെ യു.എസ് ഡെപ്യൂട്ടി അംബാസഡർ റോബർട്ട് വുഡ് പറഞ്ഞു. അതേസമയം, സാധാരണക്കാരുടെ സംരക്ഷണവും ഹമാസിന്‍റെ കൈയിലുള്ള ബന്ദികളെ മോചിപ്പിക്കാനുമായി യുദ്ധം താൽക്കാലികമായി നിർത്തിവെക്കുന്നതിനെ തങ്ങൾ പിന്തുണക്കുന്നതായും അമേരിക്ക അറിയിച്ചു.

അതിനിടെ, ഇസ്രായേൽ സൈനികനീക്കത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 17,000 കവിഞ്ഞു. കൊല്ലപ്പെട്ടവരിൽ 4,000-ത്തിലധികം പേർ സ്ത്രീകളും 7,000 കുട്ടികളുമാണ്. പതിനായിരക്കണക്കിന് പേർക്ക് പരിക്കേറ്റു. വായുവിൽ നിന്നും കരയിൽ നിന്നും കടലിൽ നിന്നുമുള്ള ആക്രമണങ്ങൾ ദിവസവും തീവ്രമാക്കുകയാണ്. ഇതുവരെ 339 വിദ്യാഭ്യാസ സളഥാപനങ്ങൾ, 26 ആശുപത്രികൾ, 56 ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ, 88 പള്ളികൾ, മൂന്ന് ചർച്ചുകൾ എന്നിവ നശിപ്പിച്ചു. ഗസ്സയിലെ 60 ശതമാനത്തിലധികം ഭവനങ്ങളും നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു.

Tags:    
News Summary - UN Security Council needs to be reformed: Erdogan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.