വാഷിങ്ടൺ: ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം അമേരിക്ക വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ യു.എൻ രക്ഷാസമിതി പാസാക്കി. വ്രതമാസമായ റമദാനിൽ വെടിനിർത്താനും ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെയും അടിയന്തരമായി നിരുപാധികം വിട്ടയക്കാനും പ്രമേയം ആവശ്യപ്പെടുന്നു.
ഇസ്രായേലിന് അനുകൂലമായി ഇതുവരെയും തുടർന്ന നിലപാട് മാറ്റി യു.എസ് വീറ്റോ ചെയ്യാതെ വിട്ടുനിൽക്കുകയായിരുന്നു. ഇതോടെയാണ് 15 സ്ഥിരാംഗങ്ങളിൽ 14 പേരുടെയും പിന്തുണയോടെ ഗസ്സ വെടിനിർത്തൽ പ്രമേയം ആദ്യമായി രക്ഷാസമിതി കടന്നത്.
The Security Council just approved a long-awaited resolution on Gaza, demanding an immediate ceasefire, and the immediate and unconditional release of all hostages.
— António Guterres (@antonioguterres) March 25, 2024
This resolution must be implemented. Failure would be unforgivable.
10 അംഗങ്ങൾ ചേർന്ന് കൊണ്ടുവന്ന പ്രമേയം റഷ്യയും ചൈനയും യു.എന്നിലെ 22 അംഗ അറബ് ഗ്രൂപ്പുമടക്കം പിന്തുണച്ചു. പ്രമേയം അംഗീകരിക്കപ്പെട്ടതോടെ നടപ്പാക്കൽ ലോകരാജ്യങ്ങൾക്ക് ബാധ്യതയാണെങ്കിലും റമദാൻ പകുതി പിന്നിട്ടിരിക്കെ, രണ്ടാഴ്ചക്കകം വെടിനിർത്തൽ നടപ്പാക്കാനാകുമോയെന്നതാണ് പ്രധാന വെല്ലുവിളി. അടിയന്തര വെടിനിർത്തൽ നടപ്പാക്കുകയും അത് ശാശ്വത യുദ്ധവിരാമമായി മാറ്റുകയും വേണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. അതേ സമയം, വിട്ടുനിന്നെങ്കിലും ഈ പ്രമേയം ഖത്തർ, ഈജിപ്ത് തുടങ്ങിയവയുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളെ തുരങ്കംവെക്കുന്നതാണെന്ന് യു.എസ് കുറ്റപ്പെടുത്തി.
നേരത്തേ മൂന്നു തവണ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടപ്പോഴൊക്കെയും അമേരിക്ക വീറ്റോ പ്രയോഗിച്ചിരുന്നു. ഇസ്രായേലിനെതിരെ ആഗോള സമ്മർദം കനക്കുന്നത് കണക്കിലെടുത്ത് ഒടുവിൽ യു.എസ് തന്നെ കഴിഞ്ഞദിവസം വെള്ളംചേർത്ത വെടിനിർത്തൽ പ്രമേയം അവതരിപ്പിച്ചപ്പോൾ റഷ്യയും ചൈനയും ചേർന്ന് വീറ്റോ ചെയ്ത് പരാജയപ്പെടുത്തി.
ബന്ദിമോചനവുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ച പ്രമേയം യഥാർഥത്തിൽ വെടിനിർത്തൽ ആവശ്യപ്പെടുന്നില്ലെന്ന് പറഞ്ഞായിരുന്നു ഇരു രാജ്യങ്ങളുടെയും നടപടി. ഇതിനുപിന്നാലെയാണ് വീണ്ടും വെടിനിർത്തൽ പ്രമേയം രക്ഷാസമിതിയിലെത്തിയത്.
യു.എൻ നിർദേശത്തോട് ഇസ്രായേൽ അടിയന്തരമായി പ്രതികരിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ യു.എൻ ഡയറക്ടർ ലൂയിസ് ചാർബണോ ആവശ്യപ്പെട്ടു. പ്രമേയം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുെട്ടറസ് ആവശ്യപ്പെട്ടു. ഗസ്സ വിഷയത്തിൽ രണ്ടുതവണ രക്ഷാസമിതി പ്രമേയം പാസാക്കിയിട്ടുണ്ടെങ്കിലും ഒന്നുപോലും വെടിനിർത്തൽ ആവശ്യപ്പെടുന്നതായിരുന്നില്ല.
അതിനിടെ, 24 മണിക്കൂറിനിടെ 107 ഫലസ്തീനികൾ കൊല്ലപ്പെടുകയും 176 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഗസ്സയിൽ മരണസംഖ്യ 32,333 ആയി. പരിക്കേറ്റവർ 74,694 ആണ്. ഗസ്സ സിറ്റിയിലും തെക്കൻ ഗസ്സയിലും ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ 50ലേറെ പേർ കൊല്ലപ്പെട്ടു.
ദെയ്റുൽ ബലഹിൽ ഒരു കുടുംബത്തിലെ 22 പേർ ഇസ്രായേൽ ബോംബിങ്ങിൽ കൊല്ലപ്പെട്ടു. റഫയിൽ 24 മണിക്കൂറിനിടെ 30 പേരെ ഇസ്രായേൽ സേന വധിച്ചതായി ഫലസ്തീൻ ആരോഗ്യ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.