ജിദ്ദ: യുനെസ്കോ ലോകപൈതൃക പട്ടികയിൽ സൗദി അറേബ്യയിലെ റുബ്അ് ഖാലി മരുഭൂമിയുടെ പടിഞ്ഞാറ് ഭാഗത്തെ ‘ഉറൂഖ് ബനീ മആരിദ്’ സംരക്ഷിതപ്രദേശം ഇടംനേടി. സാംസ്കാരിക മന്ത്രിയും ഹെറിറ്റേജ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ മാസം 10 മുതൽ 25 വരെയുള്ള കാലയളവിൽ റിയാദ് ആതിഥേയത്വം വഹിക്കുന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 45ാം വാർഷിക സെഷനിലാണ് ഉറൂഖ് ബനീ മആരിദ് സംരക്ഷിത പ്രദേശം പൈതൃകപട്ടികയിൽ രജിസ്റ്റർ ചെയ്യാനുള്ള തീരുമാനമെടുത്തത്.
ഇതോടെ സൗദിയിൽ യുനെസ്കോ പൈതൃകപട്ടികയിൽ ഉൾപ്പെട്ട സ്ഥലങ്ങളുടെ എണ്ണം ഏഴായി. അൽഅഹ്സ മരുപ്പച്ച, ദറഇയയിലെ അൽതുറൈഫ്, അൽഹിജ്ർ പുരാവസ്തുകേന്ദ്രം, ഹിമ സാംസ്കാരിക മേഖല, ജിദ്ദ ചരിത്രമേഖല, ഹാഇലിലെ ശിലാലിഖിതങ്ങൾ എന്നിവയാണ് നേരത്തേ പട്ടികയിൽ ഇടംപിടിച്ച സ്ഥലങ്ങൾ.
യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉറൂഖ് ബനീ മആരിദ് സംരക്ഷിതപ്രദേശം രജിസ്റ്റർ ചെയ്യാനായത് സൗദി അറേബ്യയുടെ വിജയമാണെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ പ്രകൃതിദത്ത ലോക പൈതൃക സ്ഥലമെന്ന നിലയിലാണിത്. പ്രകൃതിദത്ത ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും അതിെൻറ സാംസ്കാരിക പൈതൃകത്തിൽ ശ്രദ്ധ ചെലുത്തുന്നതിനുമുള്ള രാജ്യത്തിെൻറ തുടർച്ചയായ ശ്രമങ്ങളുടെ വിപുലീകരണമാണിതെന്നും മന്ത്രി സൂചിപ്പിച്ചു.
യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ആദ്യത്തെ പ്രകൃതി പൈതൃക സ്ഥലമായി ഉറൂഖ് ബനീ മആരിദ് മാറി. ആഗോളപൈതൃക ഭൂപടത്തിൽ പ്രകൃതി പൈതൃകത്തിെൻറ പ്രാധാന്യം എടുത്തുകാണിക്കാൻ ഇത് ഉപകരിക്കും. ഇത് കരുതൽ ധനത്തിെൻറ മികച്ച മൂല്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിെൻറ സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നതിനും ആസ്വദിക്കുന്നതിനും നൽകിവരുന്ന പരിധിയില്ലാത്ത ഭരണകൂട പിന്തുണയെ മന്ത്രി അഭിനന്ദിച്ചു. അതിെൻറ ഫലമാണ് ഇൗ സുപ്രധാന അന്താരാഷ്ട്ര രജിസ്ട്രേഷൻ.
ഇത് രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ തനതായ പൈതൃകത്തെയും പ്രകൃതി വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്നു. ‘വിഷൻ 2030’ അടിസ്ഥാനമാക്കി പ്രകൃതി പൈതൃകം സംരക്ഷിക്കുന്നതിനും സുസ്ഥിരമായ രീതിയിൽ വികസിപ്പിക്കുന്നതിനുമുള്ള രാജ്യത്തിെൻറ പ്രതിബദ്ധത സ്ഥിരീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഈ നേട്ടം നേടിയെടുക്കുന്നതിന് പിന്തുണ നൽകിയ സംയുക്ത ദേശീയ ശ്രമങ്ങളെയും മന്ത്രി പ്രശംസിച്ചു.
12,750 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിൽ റുബ്അ് ഖാലിയുടെ പടിഞ്ഞാറ് ഭാഗത്താണ് ഉറൂഖ് ബനീ മആരിബ് സംരക്ഷിത പ്രദേശം സ്ഥിതിചെയ്യുന്നത്. ഏഷ്യയിലെ വിശാലമായ ഏക മണൽ മരുഭൂമിയാണിത്. സുപ്രധാനമായ പ്രകൃതിദത്ത ആവാസ വ്യവസ്ഥകൾ പ്രദാനം ചെയ്യുന്ന ആവാസവ്യവസ്ഥയുടെ വൈവിധ്യമാണ് അതിെൻറ സവിശേഷത. സസ്യ-ജന്തുജാലങ്ങളുടെ പാരിസ്ഥിതികവും ജൈവപരവുമായ പരിണാമത്തിെൻറ അസാധാരണമായ ശേഷിപ്പാണ് ഈ സ്ഥലം. 120ലധികം ഇനം കാട്ടുചെടികൾ ഇവിടെയുണ്ട്. വംശനാശഭീഷണി നേരിടുന്ന നിരവധി വന്യജീവികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.