വാഷിങ്ടൺ: യെമനിലെ ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വീണ്ടും യു.എസിന്റേയും യു.കെയുടേയും ആക്രമണം. ചെങ്കടലിൽ ഹൂതികൾ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണ് തങ്ങൾ നൽകിയതെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. ആസ്ട്രേലിയ, ബഹറൈൻ, കാനഡ, ഡെൻമാർക്ക്, നെതർലാൻഡ്, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.
13 സ്ഥലങ്ങളിലായി 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഹൂതികളുടെ മിസൈൽ സിസ്റ്റം, എയർ ഡിഫൻസ് സിസ്റ്റം, റഡാറുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു .കടൽതീരങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന ഹൂതികളുടെ ഡ്രോൺ കേന്ദ്രങ്ങളും ആക്രമണത്തിൽ തകർത്തിട്ടുണ്ട്.
നേരത്തെ ഇറാഖിലും സിറിയയിലുമായി 85 കേന്ദ്രങ്ങളിൽ 125ലേറെ തവണ യു.എസ് വ്യോമാക്രമണം നടത്തിയിരുന്നു. ഇറാഖിൽ സൈനികരും സാധാരണക്കാരും ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കിഴക്കൻ സിറിയയിലെ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതായി സിറിയൻ മനുഷ്യാവകാശ സംഘടന അറിയിച്ചു. സിറിയയിലെ ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളുടേതെന്ന് കരുതുന്ന 26 കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് എ.എഫ്.പി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാഖ് അതിർത്തിയോട് ചേർന്ന ദൈർ ഇസ്സൂർ, അൽബു കമാൽ നഗരങ്ങളിലാണ് ആക്രമണം നടത്തിയത്. ഇറാൻ പൗരന്മാരാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടില്ല. ജോർഡനിലെ യു.എസ് സൈനിക താവളത്തിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും 40ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് തിരിച്ചടിയായാണ് ആക്രമണം. ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളാണ് സൈനിക താവളത്തിലുണ്ടായ ആക്രമണത്തിന് പിന്നിലെന്നാണ് യു.എസ് ആരോപിക്കുന്നത്. എന്നാൽ, തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.