സാന്‍ഫ്രാന്‍സിസ്കോ: നിരോധിത ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമർപ്പിച്ച ഹരജി കാലിഫോർണിയ ഹൈകോടതി തള്ളി. 2021 ജനുവരി ആറിന് നടന്ന "സ്റ്റോപ്പ് ദി സ്റ്റീൽ" റാലിയിൽ ട്രംപ് പ്രസംഗം നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്‍റെ അക്കൗണ്ട് ട്വിറ്റർ ശാശ്വതമായി സസ്പെൻഡ് ചെയ്യുന്നത്. പ്രസംഗത്തിന് ശേഷം അദ്ദേഹം നടത്തിയ ട്വീറ്റുകൾ ജനങ്ങളെ പ്രകോപിക്കുകയും ആക്രമണങ്ങളിലേക്ക് നയിക്കുകയും ചെയ്തെന്ന അപകടസാധ്യത കണക്കിലെടുത്താണ് ട്വിറ്റർ നിരോധനമേർപ്പെടുത്തിയത്.
ട്വിറ്ററിന്‍റെ മുന്‍മേധാവി ജാക്ക് ഡോർസിയടക്കമുള്ളവരെ പ്രതികളാക്കി സമർപ്പിച്ച ഹരജിയിൽ സ്വതന്ത്ര സംഭാഷണ അവകാശങ്ങൾ ലംഘിച്ച് ഏർപ്പെടുത്തിയ നിരോധനം ശരിയല്ലെന്നും അക്കൗണ്ട് എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹരജിയിലെ വാദങ്ങൾ ദുർബലമാണെന്നും ട്വിറ്ററിന്‍റെ സേവനനിബന്ധനകൾ പ്രകാരം സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന അക്കൗണ്ടുകളെയോ ഉള്ളടക്കത്തെയോ നിരോധിക്കാനുള്ള അനുമതിയുണ്ടെന്നും യു.എസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ജെയിംസ് ഡൊണാറ്റോ പറഞ്ഞു.
ശതകോടീശ്വരനായ ഇലോൺ മസ്‌ക് ട്വിറ്റർ വാങ്ങുകയും ട്വിറ്ററിന്‍റെ ഉള്ളടക്കം മുഴുവന്‍ പരിഷ്കരിക്കാന്‍ തയാറെടുക്കുകയും ചെയുന്നതിനിടെയാണ് ഈ വിധി വരുന്നത്. അമേരിക്കയിൽ 2024 നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്‍ഷ്യൽ തെരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയുള്ള ഈ നീക്കം യു.എസ് രാഷ്ട്രീയത്തെ വരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.