ന്യൂഡൽഹി: 12 മാസത്തിനിടെ യു.എസ് തിരിച്ചയച്ചത് ഇന്ത്യയിൽ നിന്നുളള 1100 അനധികൃത കുടിയേറ്റക്കാരെയെന്ന് കണക്കുകൾ. 2023 ഒക്ടോബർ മുതൽ 2024 സെപ്തംബർ വരെയുള്ള കാലയളവിലാണ് ഇത്രയും കുടിയേറ്റക്കാരെ തിരിച്ചയച്ചത്. നിയമവിരുദ്ധമായ വഴികളിലൂടെ രഹസ്യസ്വഭാവമുള്ള ട്രാവൽ ഏജൻസികൾ വഴിയാണ് ഇത്രയും പേർ യു.എസിലേക്ക് എത്തിയത്.
കഴിഞ്ഞ ഒക്ടോബർ 22ന് ചാർട്ടർ വിമാനത്തിൽ 100 അനധികൃത കുടിയേറ്റക്കാരെയാണ് തിരിച്ചയച്ചതെന്നും യു.എസ് വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിൽ ക്രമാനുഗതമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നും കണക്കുകളിൽ നിന്നും മനസിലാകുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ ഓഫീസർ റോയ്സ് മുറെ വ്യക്തമാക്കി.
അനധികൃത കുടിയേറ്റം ഒഴിവാക്കാനായി ഇന്ത്യൻ സർക്കാറുമായി ബന്ധപ്പെട്ട് ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബറിൽ സാമ്പത്തിക വർഷം അവസാനിച്ച ശേഷം കണക്കുകൾ പരിശോധിക്കുമ്പോൾ 1100 പേരെയാണ് ഇത്തരത്തിൽ തിരിച്ചയച്ചതെന്നും യു.എസ് അധികൃതർ അറിയിച്ചു.
അതേസമയം, കുടിയേറ്റക്കാരെ തിരിച്ചെത്തിക്കാൻ എത്ര ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിച്ചുവെന്ന് മുറെ വ്യക്തമാക്കിയിട്ടില്ല. ഒക്ടോബർ 22ാം തീയതി ഇത്തരത്തിലൊരു വിമാനം യാത്രതിരിച്ചുവെന്ന അറിയിപ്പ് യു.എസ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.