വാഷിങ്ടൺ: ഇസ്രായേൽ ഗസ്സയിൽ ഹമാസിനെതിരെയെന്ന പേരിൽ ഉപയോഗിച്ചുവരുന്ന ആയുധങ്ങളിലേറെയും അമേരിക്കൻ നിർമിതം. 40 നാൾ പിന്നിട്ട ആക്രമണത്തിൽ ഗസ്സയിലെ സിവിലിയൻ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഏറക്കുറെ തകർത്തുകളഞ്ഞാണ് ഇസ്രായേൽ ഭീകരത. ഏറ്റവുമൊടുവിൽ ഗസ്സയിലെ ഏറ്റവും വലിയ അൽശിഫ ആശുപത്രിക്കുള്ളിൽ വരെ സൈനികർ കടന്നുകയറി.
ഈ ആക്രമണങ്ങളെ പൂർണാർഥത്തിൽ സഹായിച്ച് ലേസർ സഹായത്തോടെയുള്ള മിസൈലുകൾ, 155 എം.എം ഷെല്ലുകൾ, രാത്രിക്കാഴ്ച ഉപകരണങ്ങൾ, ബങ്കറുകൾ തകർക്കുന്ന ആയുധങ്ങൾ, അത്യാധുനിക സൈനിക വാഹനങ്ങൾ തുടങ്ങി എല്ലാം അമേരിക്കൻ വകയായി, ഭൂരിഭാഗവും സൗജന്യമായി ഇസ്രായേലിൽ എത്തിക്കൊണ്ടിരിക്കുന്നു. മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, ബോയിങ് കമ്പനി നൽകുന്ന സ്മാർട്ട് ബോംബുകൾ എന്നിങ്ങനെ നേരത്തെ വിളംബരം ചെയ്ത് നൽകുന്നവ വേറെയും.
ഇസ്രായേലിന് ‘സ്വയം പ്രതിരോധത്തിന്’ കൂടുതൽ ആവശ്യമെന്ന് കണ്ട് അമേരിക്കയിൽനിന്നുള്ളതിന് പുറമെ ലോകത്തുടനീളം വിന്യസിച്ചവ കൂടി ഇവിടേക്ക് മാറ്റുന്നുവെന്നാണ് വാർത്തകൾ. നേരത്തെ യൂറോപ്പിലെ കേന്ദ്രങ്ങളിലേക്ക് യുക്രെയ്നു വേണ്ടി അയച്ച 57,000 155 എം.എം ഷെല്ലുകൾ ഇസ്രായേലിലേക്ക് വകമാറ്റിയതായും റിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബർ അവസാനമാകുമ്പോഴേക്ക് 36,000 റൗണ്ട് 30എം.എം പീരങ്കിയുണ്ടകൾ, 1800 ബങ്കറുകൾ തകർക്കുന്ന എം141 സ്ഫോടക വസ്തുക്കൾ, 3,500 രാത്രിക്കാഴ്ച ഉപകരണങ്ങൾ എന്നിവ ഇസ്രായേലിൽ അമേരിക്ക എത്തിച്ചുകഴിഞ്ഞിട്ടുണ്ട്. മാരക പ്രഹരശേഷിയുള്ള ബോംബുകളും സ്ഫോടക വസ്തുക്കളും കൈമാറി ഗസ്സയെ ശവപ്പറമ്പാക്കി മാറ്റാൻ അമേരിക്ക കാർമികത്വം വഹിക്കുകയാണെന്ന് യു.എസിലെ സംഘടനകൾ തന്നെ വിമർശനം ഉയർത്തിക്കഴിഞ്ഞു. അതിമാരക പ്രഹരശേഷിയുള്ള 155 എം.എം ഷെല്ലുകൾ ഇനിയും ഇസ്രായേലിലേക്കയക്കരുതെന്ന് പ്രതിരോധ സെക്രട്ടറിക്ക് 30 സംഘടനകൾ കത്തയച്ചത് കഴിഞ്ഞ ദിവസമാണ്.
ലോക്ഹീഡ് മാർട്ടിൻ എന്ന അമേരിക്കൻ ആയുധഭീമൻ നിർമിച്ച ഹെൽഫയർ ലേസർ നിയന്ത്രിത മിസൈലുകൾ മാത്രം 2,000 എണ്ണമാണ് ഇസ്രായേലിലെത്തിച്ചത്. ജർമനിയിലും ദക്ഷിണ കൊറിയയിലും വിന്യസിച്ചത് വരെ ഇസ്രായേലിലേക്ക് കൊണ്ടുവന്നുവെന്ന് സാരം. ഇസ്രായേൽ സേന ഉപയോഗിക്കുന്ന അപ്പാച്ചെ ഹെലികോപ്ടറുകൾ നിർമിക്കുന്നത് അമേരിക്കൻ കമ്പനിയായ ബോയിങ് ആണ്.
പുതുതായി 57,000 155എം.എം ഷെല്ലുകൾ, 20,000 എം4എ1 റൈഫിളുകൾ, 5,000 പി.വി.എസ്-14 രാത്രിക്കാഴ്ച ഉപകരണങ്ങൾ, 3,000 എം.141 ബങ്കർ തകർക്കും സ്ഫോടകവസ്തുക്കൾ എന്നിവയാണ് യു.എസിൽനിന്ന് ഇസ്രായേൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവയത്രയും നേരത്തെ തന്നെ അമേരിക്ക നൽകിക്കൊണ്ടിരിക്കുന്നവയാണ്. 400 120എം.എം മോർട്ടാറുകൾ, പുതിയ 75 സൈനിക വാഹനങ്ങൾ എന്നിവയും ഇസ്രായേൽ പുതുതായി ആവശ്യപ്പെട്ടു.
ഇതിനു പുറമെ 312 തമീർ മിസൈൽ പ്രതിരോധ സംവിധാനം യു.എസ് സൗജന്യമായി ഇസ്രായേലിലെത്തിച്ചു. രണ്ട് അയേൺ ഡോം മിസൈൽ പ്രതിരോധ സംവിധാനവും കപ്പലേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.