വാഷിങ്ടൺ ഡിസി: അനുകൂലവും പ്രതികൂലവുമായ വാദങ്ങൾക്കിടെ ഇസ്രായേലിന് അധിക സഹായം നൽകാൻ അമേരിക്കൻ പ്രതിനിധി സഭയുടെ അംഗീകാരം. അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന് ഒരു ബില്യൺ (100 കോടി) ഡോളർ കൂടി അനുവദിക്കാനാണ് പ്രതിനിധി സഭ അനുവാദം നൽകിയത്. ഇസ്രായേലിന്‍റെ സൈനിക ആവശ്യങ്ങൾക്ക് അമേരിക്ക നൽകുന്ന വാർഷിക സഹായത്തിന് പുറമെയാണിത്.
ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ ആവർത്തിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്ക നൽകുന്ന സഹായത്തിന് ഉപാധികൾ വെക്കണമെന്ന ആവശ്യം തള്ളിയാണ് അധിക ധനസഹായം അനുവദിക്കുന്നത്. ധനസഹായം അനുവദിച്ചുള്ള ബിൽ ഇനി സെനറ്റിലെത്തും. ബില്ലിന് കാര്യമായ എതിർപ്പുകളൊന്നും സെനറ്റിൽ ഉണ്ടാകാൻ സാധ്യതയില്ല. ശേഷം പ്രസിഡന്‍റ് ബൈഡൻ ഒപ്പുവെക്കുന്നതോടെ അധിക ധനസഹായം അനുവദിക്കുന്നതിനുള്ള നടപടി പൂർത്തിയാകും.
ആശയകുഴപ്പമുണ്ടാക്കിയ നടപടികൾക്കൊടുവിലാണ് ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച ബിൽ പ്രതിനിധി സഭയിലെത്തിയത്. യു.എസ്. സർക്കാറിനുള്ള അടിയന്തര ഇടക്കാല തുക അനുവദിക്കുന്നതിന് ചൊവ്വാഴ്ച രാവിലെ അവതരിപ്പിച്ച ബില്ലിലാണ് ഇസ്രായേലിനുള്ള അധിക ധനസഹായം ഉണ്ടായിരുന്നത്. പ്രത്യേകിച്ച് വിശദീകരണമൊന്നുമില്ലാതെ ഇത് പിന്നീട് നീക്കി. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കായി നിലപാടെടുക്കുന്ന പ്രതിനിധികളാണ് ഇസ്രായേൽ ധനസഹായം ഒഴിവാക്കുന്നതിന്‍റെ പിറകിൽ പ്രവർത്തിച്ചെതന്ന തരത്തിൽ വിവാദമുയരുകയും ചെയ്തു. എന്നാൽ, പ്രതിനിധികളാരും ഈ അവകാശ വാദവുമായി രംഗത്തെത്തിയിരുന്നില്ല. പിന്നീട്, ഇസ്രായേൽ ധന സഹായത്തിന് പ്രത്യേക ബില്ല് അവതരിപ്പിക്കുകയായിരുന്നു.
2016 ൽ ബറാക് ഒബാമ പ്രസിഡന്റായിരിക്കുേമ്പാൾ ഇസ്രായേലുമായി അമേരിക്ക പരസ്പര ധാരണ ഉണ്ടാക്കിയിരുന്നു. പത്തു വർഷത്തേക്കുള്ള പ്രസ്തുത ധാരണ അനുസരിച്ച് ഒാരോ വർഷവും 3.8 ബില്യൻ (380 കോടി) ഡോളർ ഇസ്രായേലിന്‍റെ സൈനിക ആവശ്യങ്ങൾക്കായി അമേരിക്ക നൽകുന്നുണ്ട്. അതിൽ 500 മില്യൻ (50 കോടി) ഡോളർ ഇസ്രായേലിന്‍റെ അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിനുള്ളതാണ്. കഴിഞ്ഞ വർഷം 73 മില്യണിന്‍റെ പ്രത്യേക സഹായവും അമേരിക്ക അനുവദിച്ചിരുന്നു. ഇതു കൂടാതെയാണ് ഇപ്പോൾ ഒരു ബില്യൺ ഡോളർ കൂടി അനുവദിക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തിൽ ഗാസയിൽ ഇസ്രായേൽ-ഫലസ്തീൻ സംഘർഷമുണ്ടായതിന് ശേഷം, ഇസ്രായേലിന് സഹായം വർധിപ്പിക്കണമെന്ന ആവശ്യവുമായി അമേരിക്കയിൽ പ്രചരണം ശക്തമായിരുന്നു. കഴിഞ്ഞ ഗാസ യുദ്ധത്തിൽ 66 കുട്ടികളുൾപ്പെടെ 253 ഫലസ്തീനികളും 12 ഇസ്രായേലികളും കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.