വാഷിങ്ടൺ: രാജ്യത്ത് കൂട്ടവെടിവെപ്പുകൾ തുടരുന്ന സാഹചര്യത്തിൽ തോക്ക് നിയന്ത്രണ ബില്ലിന് അമേരിക്കൻ കോൺഗ്രസിലെ പ്രതിനിധി സഭ അംഗീകാരം നൽകി. സെമി ഓട്ടോമാറ്റിക് തോക്കുകൾ വാങ്ങാനുള്ള പ്രായപരിധി ഉയർത്താനുള്ള നിർദേശമാണ് ബില്ലിലുള്ളത്.
15 റൗണ്ടിലേറെ പ്രവർത്തനശേഷിയുള്ള വെടിക്കോപ്പുകളുടെ വിൽപന നിരോധിക്കാനും നിർദേശമുണ്ട്. പ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾക്കാണ് ഭൂരിപക്ഷം. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് മുൻതൂക്കമുള്ള സെനറ്റ് അംഗീകാരം നൽകാൻ സാധ്യതയില്ലാത്തതിനാൽ പ്രതിനിധിസഭ കടന്ന ബിൽ നിയമമാകാൻ അതിവിദൂര സാധ്യത മാത്രമാണുള്ളത്.
മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ, വിദ്യാലയങ്ങളിലെ സുരക്ഷ വർധിപ്പിക്കുക തുടങ്ങിയ പരിഹാരമാർഗങ്ങളിലാണ് സെനറ്റിൽ ചർച്ചകൾ നടക്കുന്നത്. അടുത്തിടെ യു.എസിൽ ബഫലോ, ഉവാൾഡെ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന വെടിവെപ്പുകളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. തോക്കുപയോഗം നിയന്ത്രിക്കുന്ന റെഡ് ഫ്ലാഗ് നിയമങ്ങൾ നിലവിൽ 19 സംസ്ഥാനങ്ങളിൽ പ്രാബല്യത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.