വാഷിങ്ടൺ: വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കുനേരെ വർധിച്ചുവരുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി യു.എസ്. സാധാരണക്കാർക്കുനേരെ അക്രമം, അവശ്യ സേവനങ്ങൾ മുടക്കൽ എന്നിവ നടത്തുന്നവർക്ക് വിസ വിലക്കേർപ്പെടുത്തുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.
ഒക്ടോബർ ഏഴിനു ശേഷം വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കു നേരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി വേണമെന്ന് നേരത്തെ യു.എസ് ഉദ്യോഗസ്ഥർ ഇസ്രായേലിന് നിർദേശം നൽകിയിരുന്നു. എന്നാൽ, സർക്കാർതന്നെ അതിക്രമങ്ങൾക്ക് മുന്നിൽനിൽക്കുന്നതിനാൽ നടപ്പാകുന്നില്ലെന്ന് കണ്ടാണ് യു.എസ് നടപടി. വിസ വിലക്ക് നിയമം ചൊവ്വാഴ്ച പ്രാബല്യത്തിൽ വരുമെന്നും ആദ്യഘട്ടത്തിൽ നിരവധി പേരെ ഇത് ബാധിക്കുമെന്നും സ്റ്റേറ്റ് വകുപ്പ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
യു.എസ് വിസയുള്ള ഇസ്രായേലികൾ ഇത്തരം സംഭവങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ വിസ വിലക്കിയതായി അറിയിപ്പ് കൈമാറും. 1967 മുതൽ ഇസ്രായേൽ അധിനിവേശം നടത്തിയ വെസ്റ്റ് ബാങ്കിൽ നിയമവിരുദ്ധമായി പുതിയ കുടിയേറ്റ ഭവനസമുച്ചയങ്ങൾ നിർമിക്കുന്നത് തുടരുകയാണ്. പൂർണ സർക്കാർ പരിരക്ഷയിൽ ഇവിടങ്ങളിൽ കഴിയുന്നവരാണ് നാട്ടുകാരായ ഫലസ്തീനികൾക്കു നേരെ അതിക്രമം നടത്തുന്നത്. വെസ്റ്റ് ബാങ്കിൽ ഒക്ടോബർ ഏഴിനു ശേഷം ഇസ്രായേൽ സൈനിക നടപടികളിൽ 254 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.