സോൾ: ആണവായുധ ശേഷിയുള്ള മുങ്ങിക്കപ്പൽ ദക്ഷിണ കൊറിയയിൽ വിന്യസിച്ച് അമേരിക്ക. ദ. കൊറിയൻ തീരമായ ബുസാനിൽ ചൊവ്വാഴ്ച വൈകീട്ടാണ് യു.എസ്.എസ് കെന്റകി എന്ന മുങ്ങിക്കപ്പൽ എത്തിയത്.
ഉത്തര കൊറിയയുടെ ആണവായുധ ഭീഷണി നേരിടുന്നതിന്റെ ഭാഗമായുള്ള നടപടിയാണിതെന്നാണ് അധികൃതരുടെ വിശദീകരണം. നാലു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് സുപ്രധാനമായ ആയുധശേഷി ദ. കൊറിയയിൽ അമേരിക്ക വിന്യസിക്കുന്നത്.
ഏപ്രിലിൽ യു.എസ്-ദ. കൊറിയ പ്രസിഡന്റുമാർ ഒപ്പുവെച്ച കരാറിന്റെ ഭാഗമായുള്ള മുങ്ങിക്കപ്പലുകളാണ് ചൊവ്വാഴ്ച ദ. കൊറിയയിലെത്തിയത്. കരാറിന്റെ ഭാഗമായി സൈനികാഭ്യാസ പ്രകടനങ്ങൾ വിപുലീകരിക്കുന്നതിനായുള്ള ദ്വിരാഷ്ട്ര ന്യൂക്ലിയർ കൺസൽട്ടേറ്റിവ് ഗ്രൂപ്പിനും രൂപം നൽകിയിട്ടുണ്ട്. 1980ന് ശേഷം ആദ്യമായാണ് അമേരിക്കയുടെ ആണവായുധം വഹിച്ചുള്ള മുങ്ങിക്കപ്പൽ എത്തുന്നതെന്ന് ദ. കൊറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സഖ്യകക്ഷികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി യു.എസിന്റെ പൂർണ സൈനികശേഷി ഉപയോഗിച്ചുള്ള അഭ്യാസപ്രകടനത്തിനായാണ് മുങ്ങിക്കപ്പൽ എത്തിയതെന്ന് ദ. കൊറിയൻ പ്രതിരോധ മന്ത്രി ലീ ജോങ് സുപ് പറഞ്ഞു.
അതിനിടെ, ഒരു അമേരിക്കൻ പൗരൻ നിയമവിരുദ്ധമായി അതിർത്തി കടന്ന് ഉത്തര കൊറിയയിൽ പ്രവേശിച്ചതായി യു.എൻ കമാൻഡ് അറിയിച്ചു. നിലവിൽ ഇയാൾ ഉ. കൊറിയൻ അധികൃതരുടെ കസ്റ്റഡിയിലാണെന്നും പ്രശ്നം പരിഹരിക്കുന്നതിനായി ഉ. കൊറിയൻ അധികൃതരെ ബന്ധപ്പെട്ടുവരുകയാണെന്നും അവർ അറിയിച്ചു. അതിർത്തി കടന്നയാൾ യു.എസ് സൈനികനാണെന്ന് പേരുവെളിപ്പെടുത്താത്ത യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ശക്തമായ സൈനിക കാവലുള്ള മേഖലയിൽ ഇയാൾ എങ്ങനെയാണ് അതിർത്തി കടന്നതെന്ന് വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.