വാഷിങ്ടൺ: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെക്കുറിച്ച് അഭിപ്രായം പറഞ്ഞതിൽ അതൃപ്തി അറിയിച്ച കേന്ദ്ര സർക്കാർ നടപടിക്ക് പിന്നാലെ നിലപാട് ആവർത്തിച്ച് അമേരിക്ക. കെജ്രിവാളിന്റെ അറസ്റ്റിൽ സുതാര്യവും നീതിപൂർവവുമായ നിയമ നടപടികൾ വേണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
'കെജ്രിവാളിന്റെ അറസ്റ്റിനെ തുടർന്നുള്ള നടപടികൾ ഞങ്ങൾ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികൾ വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു' -മില്ലർ പറഞ്ഞു.
കെജ്രിവാളിന്റെ അറസ്റ്റിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ അമേരിക്കയെ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ അതൃപ്തി അറിയിച്ചത്. ഡൽഹിയിലെ യു.എസ് നയതന്ത്ര പ്രതിനിധി ഗ്ലോറിയ ബർബേനയെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്. എംബസിയിൽ ആക്ടിങ് ഡെപ്യൂട്ടി അംബാസഡറാണ് ഗ്ലോറിയ.
ഇന്ത്യയിലെ ചില നിയമനടപടികളെക്കുറിച്ച് യു.എസ് വിദേശകാര്യ വക്താവ് നടത്തിയ പരാമർശത്തോട് ശക്തമായി വിയോജിക്കുന്നുവെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പരമാധികാരം, ആഭ്യന്തര കാര്യങ്ങൾ എന്നിവയോട് മറ്റു രാജ്യങ്ങൾ ബഹുമാനം കാണിക്കുമെന്നാണ് നയതന്ത്രത്തിൽ പ്രതീക്ഷിക്കുന്നത്. സമാന ജനാധിപത്യങ്ങളുടെ കാര്യത്തിലാകട്ടെ, ഈ ഉത്തരവാദിത്തം കൂടും. അല്ലെങ്കിൽ അനാരോഗ്യകരമായ രീതികൾ സൃഷ്ടിക്കുന്നതിലാണ് അത് ചെന്നെത്തുകയെന്നും കേന്ദ്രം പറഞ്ഞിരുന്നു.
അതേസമയം, കോൺഗ്രസിന്റെ അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ച സംഭവത്തിലും യു.എസ് പ്രതികരണമറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കൃത്യമായി പ്രചാരണം നടത്തുന്നതിനെ തടയുന്ന വിധത്തിലാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നാണ് അറിയുന്നത്. ഇക്കാര്യത്തിലും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികൾ വേണം -മാത്യു മില്ലർ പറഞ്ഞു.
കെജ്രിവാളിന്റെ അറസ്റ്റിൽ നേരത്തെ ജർമനിയും പ്രതികരിച്ചിരുന്നു. നീതിപൂർവകവും വിവേചനരഹിതവുമായ വിചാരണക്ക് കെജ്രിവാളിന് അവകാശമുണ്ടെന്നും നിലവിലെ എല്ലാ നിയമപരമായ മാർഗങ്ങളും തടസ്സമില്ലാതെ ഉപയോഗപ്പെടുത്താനുള്ള അവകാശവും അതിൽ ഉൾപ്പെടുന്നുവെന്നുമാണ് നേരത്തേ ജർമനി പ്രതികരിച്ചത്. ഇതിന് പിന്നാലെ ജർമനിയുടെ നയതന്ത്ര പ്രതിനിധിയെയും കേന്ദ്രം വിളിപ്പിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണിതെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.