വാഷിങ്ടൺ: ചൈന, മ്യാന്മർ, ഉത്തരകൊറിയ, ബംഗ്ലാദേശ് രാജ്യങ്ങൾക്കെതിരെ മനുഷ്യാവകാശ ഉപരോധം ചുമത്തി യു.എസ്. ചൈനീസ് നിർമിത ബുദ്ധി കമ്പനിയായ സെൻസ് ടൈം ഗ്രൂപ്പിനെ നിക്ഷേപ കരിമ്പട്ടികയിലുംപെടുത്തി.
യു.എസ് നീക്കത്തെ ചൈനീസ് എംബസി അപലപിച്ചു. മറ്റൊരു രാജ്യത്തിെൻറ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് എംബസി വക്താവ് ലിയു പെങ്യു ആരോപിച്ചു. നൂറിലേറെ രാഷ്ട്രങ്ങളുമായി ഓൺലൈൻവഴി നടത്തിയ ജനാധിപത്യ ഉച്ചകോടിക്കു പിന്നാലെയാണ് യു.എസ് ഉപരോധം പ്രഖ്യാപിച്ചത്. ഉച്ചകോടിക്കു പിന്നാലെ ജനാധിപത്യം അടിച്ചമർത്തലിനുള്ള ആയുധമാക്കുകയാണ് യു.എസ് എന്ന് ചൈന വിമർശിച്ചിരുന്നു. ഷിൻജ്യങ്ങിൽ ഉയ്ഗൂർ മുസ്ലിംകൾക്കെതിരായ അടിച്ചമർത്തലാണ് ചൈനക്കെതിരായ ഗുരുതരമനുഷ്യാവകാശ ലംഘനം.
മ്യാന്മർ സൈന്യവുമായി ബന്ധമുള്ള സ്ഥാപനങ്ങൾക്കും സൈനികനേതാക്കൾക്കും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. മ്യാന്മറിനെതിരെ യു.എസ് ഉപരോധത്തെ യു.കെയും കാനഡയും പിന്തുണച്ചു. ഉത്തര കൊറിയയിൽ നിന്ന് തൊഴിലാളികളെ കയറ്റുമതി ചെയ്യുന്ന റഷ്യൻ സ്ഥാപനത്തിനെതിരെയും നടപടിയുണ്ട്. ആദ്യമായാണ് ബൈഡൻ ഭരണകൂടം ഉത്തര കൊറിയക്കും മ്യാന്മർ ഭരണകൂടത്തിനുമെതിരെ ഉപരോധം പ്രഖ്യാപിക്കുന്നത്.അധികാരം ദുർവിനിയോഗം ചെയ്ത് സ്വന്തം രാജ്യങ്ങളിലെ ജനങ്ങളെ അടിച്ചമർത്തുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന രാജ്യങ്ങൾക്കുള്ള താക്കീതാണിതെന്ന് യു.എസ് ഡെപ്യൂട്ടി ട്രഷറി സെക്രട്ടറി അറിയിച്ചു.
ചൈന, ബെലറൂസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള 12 പേർക്ക് യു.എസ് വെള്ളിയാഴ്ച യാത്രവിലക്ക് പ്രഖ്യാപിച്ചിരുന്നു. മനുഷ്യാവകാശലംഘനങ്ങളുടെ പേരിൽ ബംഗ്ലാദേശ് പൊലീസ് ഇൻസ്പെക്ടർ ജനറൽ ബേനസീർ അഹ്മദ് ഉൾപ്പെടെ ഏഴുപേർക്ക് യു.എസ് യാത്രവിലക്ക് പ്രഖ്യാപിക്കുകയും ചെയ്തു.പിന്നാലെ ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി യു.എസ് അംബാസഡറെ വിളിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.