ഇസ്രായേലിന് ഒരു ബില്യൺ​ ഡോളറിന്റെ ആയുധങ്ങൾ കൂടി യു.എസ് നൽകുന്നു

വാഷിങ്ടൺ: ഇസ്രായേലിന് ഒരു ബില്യൺ ഡോളറിന്റെ ആയുധങ്ങൾ കൂടി നൽകാനൊരുങ്ങി യു.എസ്. ഇതിനുള്ള നടപടിക്രമങ്ങൾക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്ത്. ടാങ്കുകളും മോർട്ടാറുകളും ഉൾപ്പടെയുള്ള ആയുധങ്ങളാണ് യു.എസ് നൽകുക.

നേരത്തെ റഫയിലെ നടപടിയെ തുടർന്ന് ഇസ്രായേലിന് ബോംബുകൾ നൽകുന്നത് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വൈകിപ്പിച്ചിരുന്നു. റഫയിൽ ഇസ്രായേൽ ആക്രമണം നടത്തുകയാണെങ്കിൽ ആയുധങ്ങൾ നൽകില്ലെന്നും ബൈഡൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആയുധങ്ങൾ നൽകാനുള്ള നടപടികൾക്ക് യു.എസ് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്.അതേസമയം, ഇസ്രായേലിന് ആയുധങ്ങൾ നൽകുമെന്ന് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജാക്ക് സള്ളിവൻ തിങ്കളാഴ്ച പറഞ്ഞിരുന്നു.

റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രായേലിന് ആയുധങ്ങൾ നൽകില്ലെന്നായിരുന്നു ബൈഡൻ നൽകിയ മുന്നറിയിപ്പ്. ഇക്കാര്യം താൻ കൃത്യമായി തന്നെ പറയുകയാണ്. ഇസ്രായേൽ റഫയിലേക്ക് പോയാൽ അവർക്ക് താൻ ആയുധങ്ങൾ നൽകില്ല. അവർ റഫയിലേക്ക് ഇതുവരെ പോയിട്ടില്ലെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞിരുന്നു. അതേസമയം, ഇസ്രായേൽ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുമെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തിരുന്നു.

റഫയിലെ നിലവിലെ സാഹചര്യത്തിൽ ഇസ്രായേൽ കരയാക്രമണം തുടങ്ങിയെന്ന് പറയാനാവില്ല. ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് അവർ പോയിട്ടില്ല. പക്ഷേ, നെതന്യാഹുവിനെയും ഇസ്രായേൽ കാബിനെറ്റിനേയും ഒരു കാര്യം ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ ആക്രമണം നടത്തിയാൽ ഇസ്രായേലിന് യു.എസ് പിന്തുണയുണ്ടാവില്ലെന്നും ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - US State Dept moves $1 bln weapons aid for Israel to congressional review, officials say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.