യമനിൽ അമേരിക്ക-ബ്രിട്ടൻ വ്യോമാക്രമണം: സംയമനം പാലിക്കണമെന്ന് സൗദി അറേബ്യ

യാംബു: യമനിലെ ഹുദൈദ, സൻആ മേഖലകളിൽ അമേരിക്ക-ബ്രിട്ടൻ സംയുക്ത സേന ബോംബാക്രമണം നടത്തിയ പാശ്ചാത്തലത്തിൽ സംയമനം പാലിക്കാൻ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ട് സൗദി അറേബ്യ. ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിന് മറുപടിയായാണ് യമനിലെ 10 കേന്ദ്രങ്ങളിൽൽ വെള്ളിയാഴ്ച പുലർച്ചെ യു.എസ്-യു.കെ ആക്രമണം നടന്നത്.

ചെങ്കടൽ മേഖലയിൽ നടക്കുന്ന സൈനിക നീക്കങ്ങൾ സൗദി അറേബ്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് സൗദി വ്യക്തമാക്കി. ആഗോള കപ്പൽസഞ്ചാരത്തിൽ തന്ത്രപ്രധാന സ്ഥാനമുള്ള ചെങ്കടൽ മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തേണ്ടതിന്‍റെ അനിവാര്യത തങ്ങൾ പ്രാധാന്യപൂർവമാണ് കാണുന്നതെന്നും ഇവിടെയുണ്ടാകുന്ന ഏതൊരു പ്രശ്നവും ആഗോളതലത്തിൽ തന്നെ പ്രതിസന്ധിയുണ്ടാക്കാൻ പോന്നതാണെന്നും സൗദി അധികൃതർ പറഞ്ഞു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രാദേശിക സംഭവങ്ങളുടെ വെളിച്ചത്തിൽ, സംയമനം പാലിക്കാൻ സൗദി അറേബ്യ എല്ലാവരോടും ആഹ്വാനം ചെയ്യുകയാണ്. മേഖലയുടെ സ്ഥിരതയും സുരക്ഷയും നിലനിർത്തുന്നതിന് സമാധാനപരമായ ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്. സംഘർഷം ഒഴിവാക്കാനും എല്ലായിടങ്ങളിലും സമാധാനം നിലനിർത്താനും എല്ലാ കക്ഷികളോടും രാജ്യം ആവശ്യപ്പെടുകയാണ്.

യമനിലെ ഹൂതികളുടെ പ്രധാന സൈനിക കേന്ദ്രത്തിനുനേരെ ആക്രമണം നടത്തുമെന്ന് അമേരിക്കയും ബ്രിട്ടനും നേരത്തേ വ്യക്തമാക്കിയിരുന്നു. ഹുദൈദക്കും ഹജ്ജാക്കും ഇടയിൽ ഹൂതികളുടെ ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ ആക്രമിക്കാൻ നീക്കമാരംഭിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാവുമെന്നും ഭയാനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഹൂതി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹുസൈൻ അൽ എസ്സി മുന്നറിയിപ്പ് നൽകിയതും പശ്ചിമേഷ്യ സംഘർഷമേഖലയാവുമെന്ന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

Tags:    
News Summary - US-UK airstrikes in Yemen: Saudi Arabia calls for restraint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.