അങ്കാറ: ചെങ്കടലിനെ രക്തത്തിന്റെ കടലാക്കാനാണ് യു.കെയുടേയും യു.എസിന്റേയും ശ്രമമെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാൻ. യെമനിലെ ഹൂതികൾക്കെതിരായ ഇരു രാജ്യങ്ങളുടെയും ആക്രമണത്തെ അപലപിച്ചാണ് ഉർദുഗാന്റെ പ്രസ്താവന. യു.എസിനും യു.കെക്കുമെതിരെ വിജയകരമായ പ്രതിരോധമാണ് ഹൂതികൾ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.കെയുടേയും യു.എസിന്റേയും നടപടികളെ വിമർശിച്ച ഉർദുഗാൻ അവയെ ഇസ്രായേലിന്റെ ഫലസ്തീനിലെ അധിനിവേശത്തോടാണ് താരതമ്യം ചെയ്തത്. ഹൂതികൾക്കെതിരായ ആക്രമണത്തെ ന്യായീകരിക്കുന്ന പാശ്ചാത്യ ലോകത്തിന്റെ നിലപാടിനേയും ഉർദുഗാൻ വിമർശിച്ചു.
ചെങ്കടലിൽ ചരക്കുകപ്പലുകൾക്കുനേരെ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായി യമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിൽ കനത്ത ആക്രമണം നടത്തിയിരുന്നു. ഹൂതികളുടെ കമാൻഡ് സെന്ററുകൾ, ആയുധ ഡിപ്പോകൾ, വ്യോമപ്രതിരോധ സംവിധാനം തുടങ്ങിയ 16 കേന്ദ്രങ്ങളിൽ വ്യാഴാഴ്ച രാത്രി കരമാർഗവും കടൽമാർഗവും നടത്തിയ ആക്രമണത്തിൽ അഞ്ച് ഹൂതി വിമതർ കൊല്ലപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും പങ്കെടുത്ത ആക്രമണത്തിൽ അന്തർവാഹിനികളിൽനിന്ന് ടോമഹോക് മിസൈലുകളും വർഷിച്ചു. സ്വന്തം സൈനികരെയും അന്താരാഷ്ട്ര ചരക്കുനീക്കവും സംരക്ഷിക്കുന്നതിന് കൂടുതൽ ആക്രമണത്തിന് മടിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. സ്വതന്ത്രമായ അന്താരാഷ്ട്ര ചരക്കുനീക്കത്തിന് നടപടി സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വയംപ്രതിരോധത്തിനുള്ള പരിമിതവും അനിവാര്യവുമായ ആക്രമണമാണ് നടത്തിയതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. നെതർലൻഡ്സ്, ആസ്ട്രേലിയ, കാനഡ, ബഹ്റൈൻ എന്നീ രാജ്യങ്ങളും ആക്രമണത്തിന് സഹായം നൽകിയതായി ജോ ബൈഡൻ പറഞ്ഞു. അതേസമയം, ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. 73 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.