വാഷിങ്ടൺ: ഹമാസിനെ കീഴടക്കിയശേഷം ഗസ്സയിൽ ഒരിക്കൽ കൂടി ഇസ്രായേൽ അധിനിവേശം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. യുദ്ധാനന്തരം ഗസ്സ വിടില്ലെന്നും പൂർണ നിയന്ത്രണം അനിശ്ചിതകാലത്തേക്ക് തങ്ങൾക്കാകുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാവക്താവ് ജോൺ കിർബി യു.എസ് നിലപാട് വ്യക്തമാക്കിയത്.
യുദ്ധാനന്തരം എന്ത് എന്നത് സംബന്ധിച്ച് ആരോഗ്യകരമായ സംഭാഷണങ്ങൾ ആവശ്യമാണെന്നും എന്നാൽ, ഗസ്സയിലെ ഭരണം ഒക്ടോബർ ആറിലേതു പോലെയാകരുതെന്ന വിഷയത്തിൽ ഇസ്രായേലിനൊപ്പമാണെന്നും കിർബി കൂട്ടിച്ചേർത്തു.
അതിനിടെ ഹമാസിനുശേഷം ഗസ്സയുടെ ഭാവി സംബന്ധിച്ച് കിർബി പറഞ്ഞത് വ്യാമോഹം മാത്രമാണെന്നും ചെറുത്തുനിൽപിലാണ് തങ്ങളുടെ ജനതയെന്നും അവരുടെ ഭാവി അവർതന്നെ തീരുമാനിക്കുമെന്നും ഹമാസ് വക്താവ് അബ്ദുല്ലത്തീഫ് അൽഖാനൂ ടെലിഗ്രാമിൽ പറഞ്ഞു.
2005ൽ സൈന്യത്തെ പിൻവലിച്ചെങ്കിലും ഇസ്രായേൽ നിയന്ത്രണം നിലനിർത്തുന്ന പ്രദേശമാണ് ഗസ്സ. അതിർത്തികൾ, വ്യോമമേഖല, കടൽ എന്നിവയുടെ നിയന്ത്രണം പൂർണമായി ഇസ്രായേലിനാണ്.
ഒരുമാസം പിന്നിട്ട ഇസ്രായേൽ ആക്രമണങ്ങളിൽ മരണം 10,569 ആയി. ഇതിൽ 4324 കുട്ടികളുമുണ്ട്. കാൽലക്ഷത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആയിരങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും ഗസ്സ ആരോഗ്യമന്ത്രാലയം പറയുന്നു. ഒക്ടോബർ ഏഴിലെ ഹമാസ് കടന്നുകയറ്റത്തിൽ 1400 പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പറയുന്നു. 230 പേരെ ബന്ദികളാക്കുകയും ചെയ്തിട്ടുണ്ട്.
വെടിനിർത്തലിന് രാജ്യാന്തര സമ്മർദം ശക്തമാണെങ്കിലും വഴങ്ങില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ബന്ദികളെ മോചിപ്പിക്കാതെ വെടിനിർത്തലില്ലെന്ന് ഇസ്രായേൽ പറയുമ്പോൾ വെടിനിർത്താതെ ബന്ദികളുടെ മോചനം സാധ്യമാകില്ലെന്ന് ഹമാസും പറയുന്നു. ഗസ്സ സിറ്റിയിൽ ശക്തമായി നിലയുറപ്പിച്ച ഇസ്രായേൽ സേന തുരുത്തിനെ രണ്ടായി പകുത്തിട്ടുണ്ട്. വടക്കൻ ഗസ്സയിൽ കൂട്ടപ്പലായനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.