യുനൈറ്റഡ് നേഷൻസ്: ആഗോള തലത്തിൽ തന്നെ തൊഴിലിടങ്ങളിലെ പീഡനവും അക്രമവും വർധിക്കുന്നതായി ഐക്യരാഷ്ട്രസഭ (യു.എൻ) സർവേ. സ്ത്രീകളാണ് കൂടുതലായും അക്രമത്തിനിരയാകുന്നത്. ചെറുപ്പക്കാർ, കുടിയേറ്റക്കാർ, കൂലിത്തൊഴിലാളികൾ തുടങ്ങിയവരും അക്രമത്തിനും പീഡനത്തിനും കൂടുതലായി വിധേയരാകുന്നു. 121 രാജ്യങ്ങളിലെ 75,000 ജീവനക്കാരിൽ നടത്തിയ സർവേയിൽ ഒരിക്കലെങ്കിലും തൊഴിലിടങ്ങളിൽ പീഡനത്തിന് ഇരയായതായി 22 ശതമാനം പേർ തുറന്നുപറഞ്ഞു. ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര തൊഴിൽ സംഘടന, ലോയ്ഡ്സ് രജിസ്റ്റർ ഫൗണ്ടേഷൻ, ഗാലപ് എന്നിവർ നടത്തിയ സർവേ തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്.
'തൊഴിലിടങ്ങളിൽ പീഡനവും അക്രമവും വർധിക്കുകയാണ്. ജീവനക്കാരുടെ മാനസിക-ശാരീരിക ആരോഗ്യത്തെ ഇത് ദോഷകരമായി ബാധിക്കുന്നു. വരുമാനം നഷ്ടമാകുന്നതിനും കരിയർ ഇല്ലാതാകുന്നതിനും പീഡനം വഴിവെക്കുന്നു' -56 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. സർവേയിൽ പങ്കെടുത്തവരിൽ 6.3 ശതമാനം പേരും മാനസികവും ശാരീരികവും ലൈംഗികവുമായ പീഡനങ്ങൾക്ക് ഇരയായതായി തുറന്നുപറഞ്ഞു. 17.9 ശതമാനം പേരാണ് മാനസിക പീഡനത്തിന് ഇരയാകുന്നത്. 8.5 ശതമാനം പേർ ശാരീരിക അതിക്രമങ്ങളും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ലിംഗഭേദം, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, ദേശീയത, വംശം, നിറം, മതം എന്നിവയെല്ലാം അതിക്രമങ്ങൾക്ക് കാരണമായി മാറുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.