മോസ്കോ: റഷ്യയിലെ സ്ത്രീകൾ എട്ടു കുട്ടികളെ എങ്കിലും പ്രസവിക്കണമെന്നും വലിയ കുടുംബം എന്നതായിരിക്കണം മാനദണ്ഡമെന്നും പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രെയ്ൻ യുദ്ധത്തിനിടെ നിരവധി റഷ്യൻ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് നഷ്ടം നികത്താൻ സ്‍ത്രീകൾ കൂടുതൽ കുട്ടികളെ പ്രസവിക്കണമെന്ന് പുടിന്റെ ആഹ്വാനം. എന്നാൽ റഷ്യൻ സൈനികർ മരിച്ച കാര്യം പുടിൻ നേരിട്ട് പരാമർശിച്ചില്ല.
മോസ്കോയിൽ വേൾഡ് റഷ്യൻ പീപ്ൾസ് കൗൺസിൽ അഭിസംബോധന ചെയ്യുകയായിരുന്നു പുടിൻ. 1990 മുതൽ റഷ്യയിലെ ജനനനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങിയ യുക്രെയ്ൻ യുദ്ധത്തിൽ മൂന്നുലക്ഷത്തിലേറെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. ജനസംഖ്യ ഉയർത്തുകയാണ് റഷ്യയുടെ പരമപ്രധാന ലക്ഷ്യമെന്നും പുടിൻ വ്യക്തമാക്കുകയുണ്ടായി.
ഒരുകാലത്ത് നമ്മുടെ മുൻ തലമുറയിലെ മുത്തശ്ശിമാർ ഏഴു കുട്ടികളെ വരെ പ്രസവിച്ചിരുന്നു. ചിലപ്പോൾ അതിലേറെ കുട്ടികളും ജനിച്ചിരുന്നു. അവർക്കു ശേഷംവന്ന തലമുറകളും അത് തുടർന്നു. ആ പൈതൃകം തിരിച്ചുവരണം. വലിയ കുടുംബമായിരിക്കണം നമ്മുടെ മാനദണ്ഡം. റഷ്യൻ ജനതയുടെ ജീവിത ശൈലി തന്നെ മാറണം. കുടുംബം എന്നത് രാജ്യത്തിന്റെയും സമൂഹത്തിന്റെയും അടിത്തറ മാത്രമല്ല, ആത്മീയമായ പ്രതിഭാസവും ധാർമികതയുടെ ഉറവിടവുമാണ്.-പുടിൻ ചൂണ്ടിക്കാട്ടി.
ജനസംഖ്യ വർധിപ്പിക്കുക എന്നതായിരിക്കണം ഇനിയുള്ള നമ്മുടെ ലക്ഷ്യമെന്നും പുടിൻ ഓർമിപ്പിച്ചു. റഷ്യൻ ഓർത്തഡോക്സ് ചർച്ച് ആണ് പരിപാടി സംഘടിപ്പിച്ചത്. റഷ്യയിലെ നിരവധി പരമ്പരാഗത സമുദായങ്ങളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുക്കാനെത്തി. 2023 ജനുവരി ഒന്നിലെ കണക്കുപ്രകാരം റഷ്യയിലെ ജനസംഖ്യ 146,447,424 ആണെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. 1999ലാണ് പുടിൻ ആദ്യമായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അന്നത്തെ ജനസംഖ്യയെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. അതാണ് പുടിൻ സൂചിപ്പിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.