ജറൂസലം: അത്യാധുനിക ബോംബർ വിമാനങ്ങൾ ഉപയോഗിച്ച് 11 ദിവസം ഗസ്സയിൽ മരണം പെയ്ത ഇസ്രായേൽ താത്കാലികമായി വെടിനിർത്തിയെങ്കിലും വേദനകളുടെ പുതിയ നെടുവീർപുകൾ കൊച്ചുതുരുത്തിനെ വേട്ടയാടുന്നു. സമാധാന പ്രതീക്ഷയോടെ കുരുന്നുകൾ അന്തിയുറങ്ങിയ കെട്ടിടങ്ങൾക്കു മേൽ ഉഗ്ര ശബ്ദത്തോടെ നിരന്തരം വർഷിച്ച ബോംബുകളും മിസൈലുകളും ഉണ്ടാക്കിയ ആഘാതം കുട്ടികളിൽ ഭീതി നിറക്കുന്നതാണ് ആശങ്ക.
11 ദിവസത്തെ ആക്രമണത്തിൽ 253 ഫലസ്തീനികൾ കൊല്ലപ്പെട്ടതിൽ 66ഉം കുട്ടികളായിരുന്നു. 1,000 ലേറെ പേർ പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നതിലും അനവധി പേർ കുരുന്നുകൾ. ഇസ്രായേലിൽ ഹമാസ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട 12 പേരിലും രണ്ടു കുട്ടികളുണ്ട്.
ഗസ്സയിൽ മാത്രം 1,800 വീടുകൾ പൂർണമായും 14,300 എണ്ണം ഭാഗികമായും ഇസ്രായേൽ ബോംബറുകൾ തകർത്തിരുന്നു. ഇവയിൽ താമസിച്ച പതിനായിരക്കണക്കിന് ഫലസ്തീനികളാണ് യു.എൻ നടത്തുന്ന സ്കൂളുകളിൽ അഭയം തേടിയത്.
വെടിനിർത്തൽ നിലവിൽ വന്നെങ്കിലും നിരവധി കുടുംബങ്ങൾ ഇപ്പോഴും അതിന്‍റെ ആഘാതത്തിലാണ്. 2014ൽ 51 ദിവസം നീണ്ട ഭീകരതയിൽനിന്ന് മനസ്സും നാടും മുക്തമായി വരുന്നതിനിടെയായിരുന്നു പുതിയ ആക്രമണം. അന്ന്, 2,200 ഫലസ്തീനികളെ കൊന്നൊടുക്കിയതിൽ 500ഉം കുരുന്നുകളായിരുന്നു. ഗസ്സയിലെ ശുജാഇയ പ്രദേശത്ത് ഒറ്റ രാത്രിയിൽ മാത്രം 67 പേരെയാണ് കൂട്ടക്കുരുതി നടത്തിയത്. ഇത് കൂട്ടക്കൊലയാണെന്ന് ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് പറഞ്ഞിരുന്നു.
പ്രദേശത്തുണ്ടായിരുന്ന കുടുംബങ്ങളിൽ അവശേഷിച്ച കുട്ടികൾ ഇപ്പോഴും മാനസിക പ്രശ്നങ്ങൾ അനുഭവിക്കുകയാണ്. 'ഗസ്സയിൽ ഒരു മാതാവാകലാണ് ഏറ്റവും വലിയ വെല്ലുവിളി'യെന്ന് ശുജാഇയ കുരുതിയിൽ ഇരയായ മാധ്യമ പ്രവർത്തകൻ ഖാലിദ് ഹമദിന്‍റെ പത്നി ശഹാദ പറയുന്നു. ഇരുവരും തമ്മിൽ വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിടുേമ്പാഴായിരുന്നു ഇസ്രായേൽ ആക്രമണം. നാലു മാസം ഗർഭിണിയായിരുന്നു. പിറന്ന കുഞ്ഞ് തൗലീന് ഒരിക്കലെങ്കിലും തെന്റ പിതാവിനെ കാണാൻ അന്നുവീണ ബോംബുകൾ അനുവദിച്ചില്ല. കുഞ്ഞിനെ എല്ലാ അർഥത്തിലും മുന്നോട്ടുകൊണ്ടുപോകുന്ന വലിയ ഉത്തരവാദിത്വമാണ് ശഹാദയുൾപെടെ മറ്റു മാതാക്കളും ചെയ്യുന്നത്.
കഴിഞ്ഞ നാളുകളിലെ സമയത്ത്, കുട്ടികളെ അടുത്തുപിടിച്ച് നിൽക്കുകയായിരുന്നു പല മാതാപിതാക്കളും. ബോംബുകളുടെ ഹൃദയം തുളക്കുന്ന വലിയ ശബ്ദം കേൾക്കുേമ്പാൾ അവർ തകർന്നുപോകും. ഭീതിയിൽ വിറയാർന്നുനിൽക്കുന്നവർക്ക് തിരിച്ചുവരവിന് സമയമേെറ വേണം. ഇപ്പോഴും കുട്ടികളിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതായി മൂന്നു കുരുന്നുകളുടെ മാതാവായ റീം ജർജൂർ പറയുന്നു. ഇത്തരം കുടുംബങ്ങളെ ലക്ഷ്യമിട്ട് ഗസ്സയിൽ ഫലസ്തീൻ ട്രോമ സെന്‍റർ യു.കെ എന്ന സ്ഥാപനം ഖദാ റിദ്വാന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. എണ്ണമറ്റ കുടുംബങ്ങൾ ഇവിടെയെത്തുന്നതായി ഖദാ റിദ്വാൻ പറയുന്നു.
ഇത്തവണ കുരുതി ചെയ്യപ്പെട്ട 66 കുട്ടികളിൽ 12 പേരും കഴിഞ്ഞ ആക്രമണത്തിന്‍റെ ആഘാതമൊഴിവാക്കാൻ പ്രത്യേക പരിശീലന പദ്ധതിയിൽ ഭാഗമായവരായിരുന്നുവെന്ന് പറയുന്നു, നോർവീജിയൻ റഫ്യൂജി കൗൺസിൽ.
14 വർഷമായി ഇസ്രായേൽ ഉപരോധം അടിച്ചേൽപിച്ച ഗസ്സയിൽ ജനസംഖ്യയുടെ 50 ശതമാനത്തിനു മുകളിൽ ദാരിദ്ര്യ രേഖക്കു താഴെയാണ്. 55 ശതമാനവും തൊഴിൽ രഹിതർ. ആരോഗ്യ മേഖല തീരെ തകർന്നുകിടക്കുന്നു. ജനസംഖ്യയുടെ 45 ശതമാനവും 18 വയസ്സിന് താഴെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.