തെൽ അവീവ്: ഇറാന്‍റെ മിസൈൽ ആക്രമണത്തിനുള്ള പ്രത്യാക്രമണത്തിൽ ഇസ്രായേലിന് ആശയക്കുഴപ്പം. അമേരിക്കയുടെ കടുത്ത സമ്മർദവും മന്ത്രിസഭാംഗങ്ങൾക്കിടയിലെ അഭിപ്രായഭിന്നതയും കാരണം വിഷയത്തിൽ തീരുമാനം എടുക്കാനാകാതെ വിഷമവൃത്തത്തിലാണ് ഇസ്രായേലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുദ്ധവ്യാപനത്തിന് തുനിയരുതെന്നും നല്ലതുപോലെ ആലോചിച്ച് തീരുമാനമെടുക്കണമെന്നും ഇറാനെതിരെയുള്ള ആക്രമണത്തിൽ തങ്ങൾ പങ്കാളിയാകില്ലെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യൂഹിവിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേൽ തിരിച്ചടിച്ചാൽ മേഖലയിൽ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് ഇറാൻ, റഷ്യ വിദേശകാര്യ മന്ത്രിമാരും വ്യക്തമാക്കിയിരുന്നു.
മിസൈൽ ആക്രമണത്തിനു പിന്നാലെ പലവട്ടം യുദ്ധകാര്യ മന്ത്രിസഭാ യോഗം ചേർന്നെങ്കിലും ഇറാൻ ആക്രമണത്തിനുള്ള തിരിച്ചടി സംബന്ധിച്ച് തീരുമാനത്തിലെത്താൻ ഇസ്രായേലിനായില്ല. മിസൈൽ ആക്രമണത്തിനു പിന്നാലെ ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് നെതന്യാഹുവും സൈന്യവും അറിയിച്ചിരുന്നു. എന്നാൽ, തൽക്കാലം പ്രത്യാക്രമണത്തിൽനിന്ന് പിൻവലിയാനാണ് ഇസ്രായേൽ തീരുമാനം. ഇറാന് തിരിച്ചടി നൽകണമെന്ന കാര്യത്തിൽ ഇസ്രായേൽ മന്ത്രിമാർ ഉറച്ചുനിൽക്കുമ്പോഴും എപ്പോൾ, എങ്ങനെ എന്ന കാര്യങ്ങളിൽ ഏകാഭിപ്രായത്തിലെത്താനായിട്ടില്ല.
ഇറാന്‍റെ ആക്രമണത്തിന് കനത്ത മറുപടി നൽകണമെന്ന് മന്ത്രിമാരായ ബെന്നി ഗാൻറ്സ്, നാഷനൽ യൂനിറ്റി പാർട്ടി നേതാവ് ഗാഡി ഈസൻകോട്ട് എന്നിവർ മന്ത്രിസഭയോഗത്തിൽ ആവശ്യപ്പെട്ടു. ഇതിനെ നെതന്യാഹുവും പ്രതിരോധ മന്ത്രി യൊആവ് ഗാലന്‍റും ഐ.ഡി.എഫ് മേധാവി ഹെർസി ഹലേവിയും ശക്തമായി എതിർത്തതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു. നഗേവ് ഉൾപ്പെടെ സൈനികകേന്ദ്രത്തിൽ സംഭവിച്ച നഷ്ടം വിലയിരുത്തി കരുതലോടെയുള്ള പ്രതികരണവും പ്രത്യാക്രമണവും മതിയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.