കിയവ്: യുക്രെയ്നിൽ അധിനിവേശം തുടരുന്ന റഷ്യക്കെതിരെ രൂക്ഷവിമർശനവുമായി പ്രസിഡന്‍റ് വൊളോദിമിർ സെലെൻസ്‌കി. താൻ ആരെയും ഭയപ്പെടുന്നില്ലെന്നും കിയവിൽ തന്നെയാണുള്ളതെന്നും സെലെൻസ്‌കി പറഞ്ഞു. യുക്രെയ്നിലെ വിവിധ നഗരങ്ങളിൽ റഷ്യ ഷെല്ലാക്രമണം ശക്തമാക്കുന്നതിനിടെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗിക പ്രസ്താവനയുമായി സെലെൻസ്‌കി രംഗത്ത് വന്നത്.
ബാങ്കോവ സ്ട്രീറ്റിൽ താന്‍ ഒളിച്ചിരിക്കുകയല്ലെന്നും യുക്രെയ്നിനെ സംരക്ഷിക്കാനുള്ള ഈ യുദ്ധത്തിൽ മരണം വരെ പോരാടുമെന്നും സെലെൻസ്‌കി വിഡിയോയിൽ പറഞ്ഞു. റഷ്യയുടെ അധിനിവേശം തുടങ്ങിയത് മുതൽ യുക്രെയ്ന്‍ പ്രസിഡന്‍റായ സെലെൻസ്‌കിക്കെതിരെ മൂന്ന് കൊലപാതകശ്രമങ്ങൾ നടന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ പദ്ധതികൾ യുക്രെയ്ന്‍ സൈനികർ തകർക്കുകയായിരുന്നുവെന്നാണ് യുക്രെയിൻ അവകാശപ്പെടുന്നത്.
റഷ്യ സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി സാധാരണക്കാരെ വരെ കൊലപ്പെടുത്തുകയാണെന്ന് സെലെൻസ്‌കി കുറ്റപ്പെടുത്തി. രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നവരെ പോലും റഷ്യന്‍ സൈനികർ വെറുതെ വിടുന്നില്ലെന്നും മാനുഷിക പരിഗണനകളുള്ള ഒരു ഉടമ്പടിയും ഇവിടെ നടപ്പിലാക്കപ്പെട്ടില്ലെന്നും സെലെൻസ്‌കി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.