റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം തുടർന്നുകൊണ്ടിരിക്കുകയാണ്. രക്തചൊരിച്ചിലിന്‍റെയും ഭയാനകതയുടെയും നിരവധി വാർത്തകളാണ് ദിനംപ്രതി യുക്രെയ്നിൽ നിന്ന് വരുന്നത്. സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടി രാജ്യങ്ങൾ പരസ്പരം യുദ്ധത്തിൽ ഏർപ്പെടുമ്പോൾ ബലികഴിക്കേണ്ടി വരുന്നത് സാധാരണക്കാരായ നിരവധി ആളുകളുടെ ജീവിതങ്ങളാണ്. റഷ്യൻ സേനയുടെ ഷെല്ലാക്രമണത്തിൽ നിന്നും രക്ഷനേടാൻ ബങ്കറുകളിലും ബോംബ് ഷെൽട്ടറുകളിലും അഭയം പ്രാപിക്കുന്ന ഇവരെ നമ്മൾ വാർത്താചാനലുകളിലൂടെ കണ്ടതാണ്. ഇത്തരമൊരു ബോംബ് ഷെൽട്ടറിൽ നിന്നുളള ഒരു വിഡിയോ യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഈ വിഡിയോ യുദ്ധഭീകരതയുടെ മറ്റൊരു മുഖമാണ് വെളിപ്പെടുത്തുന്നത്.
ഒരു യുക്രെയ്നിയന്‍ പെൺകുട്ടി വയലിന്‍ വായിക്കുന്നതാണ് വിഡിയോയിൽ കാണിക്കുന്നത്. ഇതിൽ എന്താണിത്ര ശ്രദ്ധേയമായിട്ടുള്ളതെന്ന് നിങ്ങൾ ആലോചിക്കുന്നുണ്ടാകും. സ്വന്തം ജീവിതം മുറുക്കി പിടിച്ച് അടുത്ത നിമിഷത്തിൽ എന്ത് സംഭവിക്കുമെന്നറിയാതെ ഭയചകിതരായി ബോബ് ഷെൽട്ടറിനുള്ളിൽ കഴിഞ്ഞുകൂടുന്നവർക്ക് ഒരു നിമിഷമെങ്കിലും ഇതെല്ലാം മറക്കാനുള്ള ഉപാധിയായി ഈ സംഗീതം മാറുകയായിരുന്നു. മൈക്കോള ലൈസെങ്കോ രചിച്ച 'നിച്ച് യക മിസിയാച്ന' (എന്തൊരു നിലാവുള്ള രാത്രി) എന്ന യുക്രെയ്നിയൻ ഗാനമാണ് പെൺകുട്ടി വയലിനിൽ വായിക്കുന്നത്. അവളുടെ സംഗീതത്തിൽ മുഴുകിയിരിക്കുന്ന മറ്റുള്ളവരെയും വിഡിയോയിൽ വ്യക്തമായി കാണാം.
വിഡിയോ കാണാം
നിരവധി പേർ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെക്കുകയും പെൺകുട്ടിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.