ഡ്രോൺ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളിലൊന്ന് 

യുക്രെയ്ൻ ഡ്രോൺ ആക്രമണം; രാജ്യത്തെ സുരക്ഷിതമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് റഷ്യ

മോസ്കോ: യുക്രെയ്ൻ കടുത്ത ഡ്രോൺ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷിതമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് റഷ്യ. യുക്രെയ്ന്‍റെ യഥാർഥ രൂപമാണ് ഡ്രോൺ ആക്രമണങ്ങളിലൂടെ വെളിപ്പെടുന്നതെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. താമസകേന്ദ്രങ്ങളിൽ രാത്രി ഡ്രോൺ ആക്രമണം നടത്തുന്നതിനെ സൈനിക പ്രത്യാക്രമണമായി പരിഗണിക്കാനാവില്ല. ഇത്തരം ആക്രമണങ്ങളിൽ നിന്ന് റഷ്യയെ സുരക്ഷിതമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും -പെസ്കോവ് പറഞ്ഞു.

റഷ്യക്കെതിരെ ഇതുവരെയുണ്ടായതിൽ ഏറ്റവും കടുത്ത ഡ്രോൺ ആക്രമണമാണ് യുക്രെയ്ൻ നടത്തിയത്. ഒറ്റ രാത്രിയിൽ 140ഓളം ഡ്രോണുകളാണ് റഷ്യൻ മേഖലയിൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെട്ടതായും നിരവധി വീടുകൾക്ക് തകരാർ സംഭവിച്ചതായും മോസ്കോയിലെ വിവിധ എയർപോർട്ടുകളിൽ നിന്ന് 50ഓളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

മോസ്കോ മേഖലക്ക് മുകളിലായി 20ലേറെ ഡ്രോണുകൾ തകർത്തുവെന്ന് റഷ്യ അറിയിച്ചു. ഒരാൾ കൊല്ലപ്പെട്ട കാര്യവും റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു. മോസ്കോയിലെ നാല് എയർപോർട്ടുകളിൽ മൂന്നും ആറ് മണിക്കൂറിലേറെ അടച്ചിട്ടു.

ഒരിടവേളക്ക് ശേഷം റഷ്യയും യുക്രെയ്നും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച റഷ്യയിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. മോസ്കോ ഓയിൽ റിഫൈനറി പരിസരത്ത് ഡ്രോൺ അവശിഷ്ടങ്ങൾ വീണു തീപിടിത്തമുണ്ടായി. ഒറ്റ രാത്രിയിൽ വിവിധ പ്രവിശ്യകളിലായി 158 ഡ്രോണുകളാണ് വെടിവച്ചിട്ടത്. ഇതിന് മറുപടിയായി യുക്രെയ്നിലേക്ക് റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടു. 180ലേറെ പേർക്ക് പരിക്കേറ്റു. യുക്രെയ്ൻ നഗരമായ പൊൾട്ടാവയിലെ സൈനിക ഇൻസ്റ്റിറ്റ്യൂട്ടിന് നേരെ റഷ്യ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കുകയായിരുന്നു.

അതിനിടെ, റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്നെ സഹായിക്കാൻ കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചിരിക്കുകയാണ്. 650 ഹ്രസ്വദൂര മിസൈലുകൾ യുക്രെയ്ന് നൽകുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി അറിയിച്ചു. ജർമനിയിലെ റാംസ്റ്റെയിനിൽ നടക്കുന്ന പ്രതിരോധ ഉച്ചകോടിയിലാണ് പ്രഖ്യാപനം നടത്തിയത്. 162 ദശലക്ഷം പൗണ്ടിന്റെ അഥവാ 1700 കോടി രൂപയുടെ സൈനിക പാക്കേജാണ് ബ്രിട്ടൻ വാഗ്ദാനംചെയ്തത്. പാശ്ചാത്യൻ രാജ്യങ്ങൾ കൂടുതൽ ആയുധങ്ങൾ നൽകണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി വീണ്ടും ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. 

Tags:    
News Summary - we must continue the special military operation to protect ourselves from such actions Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.