വാഷിങ്ടൺ ഡി.സി: വടക്കുകിഴക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദികളെ വെറുതെവിടില്ലെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. സിറിയയിലും ഇറാഖിലും ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നിൽ. തീവ്രവാദത്തിനെതിരായ പോരാട്ടം തുടരും -ബൈഡൻ പറഞ്ഞു. കനത്ത തിരിച്ചടി നൽകുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിനും പറഞ്ഞു.
ഗസ്സയിൽ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് യു.എസ് സൈനികർ കൊല്ലപ്പെടുന്നത്. ഡ്രോൺ ആക്രമണത്തിൽ 34 യു.എസ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചിലരുടെ പരിക്ക് ഗുരുതരമാണെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു.
സൈനിക ബാരക്കിന് നേരെ അതിരാവിലെയാണ് ഡ്രോൺ ആക്രമണമുണ്ടായതെന്നും അതാണ് ആഘാതം വർധിക്കാനിടയാക്കിയതെന്നും യു.എസ് അധികൃതർ സൂചിപ്പിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആക്രമണത്തില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ചിലരെ മെച്ചപ്പെട്ട ചികില്‍സ നല്‍കുന്നതിനായി എയര്‍ലിഫ്റ്റ് ചെയ്തതായും യു.എസ് അധികൃതരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.