ഇസ്രായേലിനെ ക്ഷണിച്ചില്ല; നാഗസാക്കി അനുസ്മരണം ബഹിഷ്‍കരിക്കു​മെന്ന് അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ

നാഗസാക്കി: വെള്ളിയാഴ്ച നടക്കുന്ന നാഗസാക്കി അനുസ്മരണ ചടങ്ങിൽ പ​ങ്കെടുക്കില്ലെന്ന് പാശ്ചാത്യ രാജ്യങ്ങളുടെ അംബാസഡർമാർ. യു.എസ്, യു.കെ, ഇ.യു, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള അംബാസഡർമാരാണ് ചടങ്ങ് ബഹിഷ്‍കരിക്കുക. ഗസ്സ നരനായാട്ടിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിനെ ചടങ്ങിന് ക്ഷണിക്കേണ്ടതില്ലെന്ന് ജപ്പാൻ തീരുമാനിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പാശ്ചാത്യ രാജ്യങ്ങളുടെ ബഹിഷ്‍കരണം. 1945 ആഗസ്ത് ഒമ്പതിന് അണുബോംബ് ഉപയോഗിച്ച് അമേരിക്ക ലക്ഷക്കണക്കിന് പേരെ കൊലപ്പെടുത്തിയതിന്റെ വാർഷിക അനുസ്മരണമാണ് വെള്ളിയാഴ്ച നടക്കുന്നത്.

ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ഉയരുമെന്ന് ഭയന്നാണ് ഇസ്രായേൽ അംബാസഡർ ഗിലാദ് കോഹെനെ ക്ഷണിക്കാതിരുന്നതെന്ന് നാഗസാക്കി മേയർ ഷിറോ സുസുക്ക് പറഞ്ഞതായി എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

എന്നാൽ, അനുസ്മരണ ചടങ്ങിനെ ജപ്പാൻ രാഷ്ട്രീയവൽക്കരിച്ചു​വെന്നും അതിനാൽ തങ്ങൾ പ​ങ്കെടുക്കില്ലെന്നും യു.എസ് അംബാസഡർ റാം ഇസ്രയേൽ ഇമ്മാനുവൽ അറിയിച്ചു. അംബാസഡർമാർക്ക് പകരം യുഎസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും തങ്ങളുടെ പ്രതിനിധികളായി താഴ്ന്ന റാങ്കിലുള്ള പ്രതിനിധികളെ അയക്കുമെന്നാണ് സൂചനയെന്ന് റിപ്പോർട്ടിൽ പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിനിടെയാണ് 1945 ആഗസ്റ്റ് 6 ന് ഹിരോഷിമയിലും ആഗസ്ത് ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക ആണവായുധം പ്രയോഗിച്ചത്. ഹിരോഷിമയിൽ 166,000 പേരും നാഗസാക്കിയിൽ 80,000 പേരും കൊല്ലപ്പെട്ടു. അണുവികിരണങ്ങളേറ്റ് വർഷങ്ങളോളം നരകയാതന അനുഭവിച്ച നിരവധി പേരാണ് ജപ്പാനിൽ മരിച്ചുവീണത്. തലമുറകളിലേക്ക് ഇതിന്റെ പരിണതഫലങ്ങൾ നീണ്ടുനിന്നിരുന്നു. 

Tags:    
News Summary - Western ambassadors skipping Nagasaki memorial because Israel not invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.