യുവാൾടെ: ടെക്സാസ് എലിമെന്‍ററി സ്കൂൾ വെടിവെപ്പ് തടയുന്നതിൽ കൃത്യസമയത്ത് ഇടപാടാതെ പൊലീസ് വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ജനം. തോക്കുധാരിയെ ഒരു മണിക്കൂറെടുത്താണ് പൊലീസ് അനുനയിപ്പിച്ചതെന്നും രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നു. സംഭവ സ്ഥലത്തെത്തിയ രക്ഷിതാക്കൾ പൊലീസിനോട് സഹായം അഭ്യർഥിക്കുന്നതിന്‍റെയും പൊലീസ് വീഴ്ച വരുത്തിയതിന്‍റെയും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
സഹായം ആവശ്യപ്പെട്ട് സംഭവസമയത്ത് എത്തിയ രക്ഷിതാക്കളോട് പൊലീസ് സഹകരിച്ചില്ലെന്നും നിർബന്ധിച്ചപ്പോൾ തന്നെ വിലങ്ങിട്ടു മാറ്റിനിർത്തിയെന്നും ഏഞ്ജലി റോസ് ഗോമസ് ദി വോൾ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.
"വെടിവെപ്പ് ശബ്ദം കേട്ടപ്പോൾ തന്നെ ഞാൻ സ്കൂളിലേക്ക് ഓടിച്ചെന്നിരുന്നു. 40ഓളം അംഗങ്ങളടങ്ങുന്ന പൊലീസ് സേന അവിടെ ഉണ്ടായിരുന്നിട്ടും ആ സമയത്ത് അവർ ഒന്നും ചെയ്തില്ല എന്ന് ജസിന്തൊ കസാർസ് എ.ബി.സി ന്യൂസിനോട് പറയുന്നു. വെടിവെപ്പിൽ ജസിന്തൊയുടെ മകൾ ജാക്ലിൻ കൊല്ലപ്പെട്ടിരുന്നു.
പൊലീസ് കൃത്യസമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് ഡാനിയൽ മിയഴ്സ് എ.എഫ്.പി. ന്യൂസിനോട് പറഞ്ഞു. ഏകദേശം ഒരുമണിക്കൂർ വൈകിയാണ് യു.എസ് പട്രോൾ ഏജന്‍റ്സ് സ്ഥലത്തെത്തിയതും ആക്രമിയെ കൊന്നതും.
റാമോസിന്‍റെ അമ്മയുടെ പ്രതികരണം
"ആ കുഞ്ഞുങ്ങൾ...എനിക്ക് എന്തുപറയണമെന്നറിയില്ല," കരഞ്ഞുകൊണ്ട് അഡ്രിയാന പറഞ്ഞു. ടെക്സാസിൽ സ്കൂൾ വെടിവെപ്പിലെ ആക്രമിയുടെ അമ്മയാണ് അഡ്രിയാന റായിസ്.
"സ്കൂളിൽ വച്ചും റാമോസ് മറ്റ് കുട്ടികളെ ഉപദ്രവിക്കുമായിരുന്നുവെന്ന് പരാതികൾ വന്നിട്ടുണ്ട്. പൊതുവെ അവന് ദേഷ്യം കൂടുതലാണ്. പക്ഷെ ഇങ്ങനെ ക്രൂരത കാട്ടാൻ എങ്ങനെ കഴിഞ്ഞുവെന്ന് മനസ്സിലാകുന്നില്ല. അവൻ ആയുധങ്ങൾ വാങ്ങുന്നതായും എനിക്ക് അറിയില്ലായിരുന്നു"- അഡ്രിയാന എ.ബി.സി ന്യൂസിനോട് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.