വംശഹത്യാ യുദ്ധത്തിന്റെ നാശത്തിൽനിന്ന് കരകയറാൻ കൊതിച്ച് 70കാരിയായ ഫിസിഷ്യൻ സാകിയ ഹിലാൽ തന്റെ ഭർത്താവിനും കുട്ടികൾക്കും പേരക്കുട്ടികൾക്കുമൊപ്പം യു.എസ് തെരഞ്ഞെടുപ്പിന്റെ വാർത്തകൾക്കായി റേഡിയോ കേൾക്കുകയായിരുന്നു. എല്ലാവരും ആകാംക്ഷാഭരിതരായി അൽ മവാസിയിലെ അവരുടെ കൂടാരത്തിൽ ഒത്തുകൂടി. ട്രംപ് വിജയിച്ചു എന്ന വാർത്ത കേട്ടയുടനെ സാകിയ നെതന്യാഹുവിനെയും ട്രംപിനെയും പരാമർശിച്ച് അൽപം നർമോക്തിയോടെ പറഞ്ഞത് ‘ഒരു പോഡിൽ രണ്ട് കടല’ എന്നായിരുന്നു. അതിനുശേഷം അവർ കരഞ്ഞു.
മെയ് 6ന് ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ വീട് വിടാൻ നിർബന്ധിതയായതാണ് റഫയിൽനിന്നുള്ള സാകിയ ഹിലാലും കുടുംബവും. . ‘ഉറപ്പായും വളരെ പ്രയാസകരമായ ഒരു കാലത്തിലേക്കാണ് നമ്മൾ പോകുന്നത്. ഞങ്ങൾ ഇതുവരെ അനുഭവിച്ചതിനേക്കാൾ മോശമായിരിക്കും ഇനി വരാൻ പോകുന്നത്. ഇസ്രായേലിനെ പിന്തുണക്കുന്നതിൽ അമേരിക്കൻ ഭരണകൂടങ്ങൾക്ക് വ്യത്യാസമില്ല എന്നത് ശരിയാണ്. എന്നാൽ മറ്റുള്ളവരെ അപേക്ഷിച്ച് ട്രംപിനെപ്പോലെയുള്ളവരുടെ ഭരണത്തിൽ ചില കാര്യങ്ങൾ കൂടുതൽ കഠിനവും തീവ്രവുമായിരിക്കും’ -അവർ അൽ ജസീറയോട് പങ്കുവെച്ചു. ‘നമ്മുടെ അവസ്ഥ അത്ര മോശമായിരുന്നില്ലേ? അത് പൂർത്തിയാക്കാൻ ട്രംപ് വരേണ്ടി വന്നുവെന്നും’ അവർ പറഞ്ഞു.
ഗസ്സ മുനമ്പിന്റെ വടക്കുഭാഗത്തെ ഗ്രാമമായ ബെയ്ത് ലാഹിയയിലെ തന്റെ വീട്ടിലേക്ക് ഒരുനാൾ മടങ്ങിയെത്തുമെന്ന, മങ്ങിയതെങ്കിലും വറ്റാത്ത പ്രതീക്ഷയോടെയാണ് കഴിഞ്ഞ 13 മാസമായി അഹമ്മദ് ജറാദ് എന്ന യുവാവ് ജീവിക്കുന്നത്. എന്നാൽ, ബുധനാഴ്ച മുൻ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിനെതിരായ മത്സരത്തെത്തുടർന്ന് വൈറ്റ് ഹൗസിലേക്കുള്ള തന്റെ വിജയകരമായ തിരിച്ചുവരവ് പ്രഖ്യാപിച്ചപ്പോൾ ‘സ്വന്തം നാട്ടിലേക്ക് മടങ്ങുക എന്ന തന്റെ സ്വപ്നം തകർന്നുവെന്നായിരുന്നു’ ജറാദിന്റെ വാക്കുകൾ.
ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം സങ്കടകരമായ ദിവസമാണെന്ന് അദ്ദേഹം ഏറെ നിരാശനായി പറഞ്ഞു. ഗസ്സ മുനമ്പിലേക്കുള്ള ജനവാസ കേന്ദ്രങ്ങളുടെ മടങ്ങിവരവിനും ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനമുള്ള സാധ്യതകൾ സംബന്ധിച്ച് നെതന്യാഹുവിന്റെ താൽപര്യത്തെ ട്രംപ് അംഗീകരിക്കും. ഞങ്ങൾ വടക്കോട്ട് മടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇപ്പോൾ എല്ലാ പ്രതീക്ഷകളും തകർന്നിരിക്കുന്നു -ഭാര്യക്കും അഞ്ച് കുട്ടികൾക്കുമൊപ്പം ഇപ്പോൾ താമസിക്കുന്ന അൽ മവാസിയിലെ തകർന്ന കൂടാരത്തിലിരുന്ന് ജറാദ് പറഞ്ഞു. ഫലസ്തീനികളുടെ പ്രത്യേകിച്ച് ഗസ്സയിൽ കുടുങ്ങിക്കിടക്കുന്നവരുടെ പൊതുവികാരമാണ് ജറാദിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. അത് ജീവനും ജീവിതവും ഇനിയും കൈവിടേണ്ടിവരുന്നവരുടെ ഭയമാണ്.
ആദ്യതവണ പ്രസിഡന്‍റുപദവിയിൽ ആയിരിക്കെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അടുത്ത ബന്ധം ആസ്വദിച്ച ട്രംപ് ഒരിക്കൽ കൂടി ലോകത്തിലെ ‘സൂപ്പർ പവറി’ന്‍റെ നേതാവായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ഇസ്രായേലിന്റെ ക്രൂരത കൂടുതൽ കടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഫലസ്തീനികൾക്കെതിരായ ഒരു ദുഷിച്ച സഖ്യമാണ് ട്രംപും നെതന്യാഹുവും. ദൈനംദിന കാര്യങ്ങളിൽപോലും ഞങ്ങളുടെ ഭാവി വളരെ പ്രയാസമേറിയതാവുമെന്നും ജറാദ് പറയുന്നു.
തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിന്റെ പടിഞ്ഞാറുള്ള അൽ മവാസിയിലേക്ക് 43കാരൻ തന്റെ വീട് വിട്ടിറങ്ങിയിട്ട് കൃത്യം ഒരു വർഷമാവുന്നു. 2023 നവംബറിലായിരുന്നു അത്. ഇസ്രായേൽ ഗസ്സയെ നിരന്തരമായ ബോംബാക്രമണങ്ങൾക്കും കരയാക്രമണങ്ങൾക്കും വിധേയമാക്കാൻ തുടങ്ങിയിട്ടും ഒരു വർഷം പിന്നിടുന്നു. 43,000ലധികം ഫലസ്തീനികൾ ഇതിനകം കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും അവശിഷ്ടങ്ങൾക്കടിയിൽ മരിച്ചതായി അനുമാനിക്കപ്പെടുകയും ചെയ്യുന്നു. ഗസ്സ മുനമ്പിലെ 23 ലക്ഷം ജനസംഖ്യയിൽ മിക്കവാറും എല്ലാ ആളുകളും പലായനം ചെയ്യപ്പെട്ടു.
ലെബനാനിലേക്ക് പടർന്നുപിടിച്ച യുദ്ധം അവസാനിപ്പിക്കാൻ ആഭ്യന്തരമായും അന്തർദേശീയമായും സമ്മർദം നേരിടുന്ന നെതന്യാഹു ഇസ്രായേലും ഇറാനും തമ്മിലുള്ള സമ്പൂർണ സംഘട്ടനത്തിലേക്ക് നയിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ബുധനാഴ്ച തന്റെ വിജയം അവകാശപ്പെട്ടതിനുശേഷം ട്രംപിനെ അഭിനന്ദിക്കാൻ നെതന്യാഹു തിടുക്കംകൂട്ടി. ട്രംപിന്റെ തിരഞ്ഞെടുപ്പിനെ ‘ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ്’ എന്ന് വിശേഷിപ്പിച്ച നെതന്യാഹു, ‘അമേരിക്കയുടെ ഒരു പുതിയ തുടക്കം’ എന്നും ‘ഇസ്രായേലും അമേരിക്കയും തമ്മിലുള്ള മഹത്തായ സഖ്യത്തിനുള്ള ശക്തമായ പ്രതിബദ്ധത’ എന്നും വിശേഷിപ്പിച്ചു.
2016 മുതൽ 2020 വരെയുള്ള ട്രംപിന്റെ ആദ്യ നാല് വർഷത്തെ പ്രസിഡന്‍റു കാലളയവിലാണ് ഇസ്രായേലിലെ യു.എസ് എംബസി ടെൽ അവീവിൽനിന്ന് ജറുസലേമിലേക്ക് മാറ്റിയത്. ഇസ്രായേൽ സർക്കാറിന്റെ കണ്ണിലിത് ഒരു സുപ്രധാന നീക്കമായിരുന്നു. ഫലസ്തീനികൾക്കുള്ള സഹായം വെട്ടിക്കുറച്ചു. പ്രത്യേകിച്ച് യു.എന്നിന്റെ പലസ്തീൻ അഭയാർഥി സഹായ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എക്ക്. അന്താരാഷ്ട്രതലത്തിൽ പ്രതിഷേധമുയർന്നിട്ടും വെസ്റ്റ്ബാങ്കിൽ അനധികൃത ഇസ്രായേൽ സെറ്റിൽമെന്‍റുകൾ നിർമിക്കുന്നതിനുനേരെ ട്രംപിന്റെ ഭരണകൂടം അവഗണന പുലർത്തി. കൂടാതെ നിരവധി അറബ് രാജ്യങ്ങൾ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ ‘അബ്രഹാം ഉടമ്പടി’ യുടെ ഇടനിലക്കാരനായി.
ഇസ്രയേലിനുള്ള പിന്തുണയുടെ കാര്യത്തിൽ ട്രംപിന്റെ ഭരണകൂടം ബൈഡനിൽനിന്ന് വ്യത്യസ്തമാകുമെന്ന് ഗസ്സ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഫലസ്തീനിയൻ പ്ലാനിംഗ് സെന്‍ററിലെ ഗവേഷകനായ ജെഹാദ് മലാക്ക കരുതുന്നില്ല. അൽ മവാസിയിലെ കുടുംബവുമായി പങ്കിടുന്ന കൂടാരത്തിൽനിന്ന് അൽ ജസീറയോട് സംസാരിച്ച മലാക്ക, യുദ്ധസമയത്ത് ഫലസ്തീനികൾക്കായി ബൈഡൻ ഭരണകൂടം ഒന്നും ചെയ്തില്ലെന്നും ട്രംപിന്റെ ആദ്യ കാലത്ത് എടുത്ത തീരുമാനങ്ങളൊന്നും തന്നെ തിരുത്തിയില്ലെന്നും പറഞ്ഞു. ‘ട്രംപ് പരുക്കൻ ഉപകരണങ്ങൾ ഉപയോഗിക്കുന്നു, ബൈഡനും ഡെമോക്രാറ്റുകളും സോഫ്റ്റ് ടൂളുകൾ അവലംബിക്കുന്നു. പക്ഷേ രാഷ്ട്രീയം ഒന്നുതന്നെയാണ് - അവർ പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗസ്സക്കെതിരായ യുദ്ധം ആരംഭിച്ചതു മുതൽ ഡെമോക്രാറ്റിക് പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രായേലിനെ പിന്തുണക്കുന്നതിൽ അചഞ്ചലനായി നിലകൊണ്ടു. സൈനിക സഹായം അയക്കുന്നത് തുടരുകയും ‘സ്വയം സംരക്ഷിക്കാനുള്ള ഇസ്രായേലിന്റെ അവകാശം’ വീണ്ടും ഉറപ്പിക്കുകയും ചെയ്തു. എന്നാൽ, പ്രാദേശിക പിരിമുറുക്കങ്ങളിലും അമേരിക്കക്കാർ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന വെടിനിർത്തൽ കരാറുകളും മുഖവിലക്കെടുക്കാത്തതും നെതന്യാഹുവും ബൈഡനും തമ്മിലുള്ള ബന്ധം ചെറിയതോതിൽ വഷളാക്കി.
ഇസ്രയേലി-അമേരിക്കൻ ബന്ധത്തിൽ ഒരു പുതിയ കൂട്ടിന് ട്രംപ് പ്രസിഡൻസിക്ക് കഴിയുമെന്ന് നെതന്യാഹു ഇപ്പോൾ പറയുന്നതു തന്നെ കാര്യങ്ങൾ എങ്ങോട്ടാണ് നീങ്ങുന്നതെന്നതിന്റെ കൃത്യമായ സൂചനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.